സംസ്ഥാന സർക്കാർ അഭിമാന പദ്ധതിയായി അവതരിപ്പിച്ച കെ-ഫോൺ വഴി നൽകിയിരുന്ന സൗജന്യ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തലാക്കുന്നു. ഇനിമുതൽ സ്കൂളുകൾക്കും സർക്കാർ ഓഫീസുകൾക്കും സൗജന്യമായി കണക്ഷൻ ലഭിക്കില്ലെന്ന് കെ-ഫോൺ അധികൃതർ ഔദ്യോഗികമായി അറിയിച്ചു.
സൗജന്യവും സാർവത്രികവുമായ ഇന്റർനെറ്റ് സേവനം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയുടെ നിലവിലെ നടത്തിപ്പിലാണ് ഈ നിർണ്ണായക മാറ്റം. പദ്ധതിയുടെ തുടക്കം മുതൽ തന്നെ വൻ വിമർശനങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചിരുന്നത്.
രമേശ് ചെന്നിത്തല, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവർ പദ്ധതിയിലെ ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു.
കരാർ നൽകിയതിൽ സ്വജനപക്ഷപാതം കാണിച്ചുവെന്നും ടെൻഡർ വ്യവസ്ഥകൾ അട്ടിമറിക്കപ്പെട്ടുവെന്നും ഹർജിയിൽ ഇവർ ആരോപിച്ചിരുന്നു. നിലവിൽ സംസ്ഥാനത്തെ 30,897 സർക്കാർ ഓഫീസുകളിലും സ്കൂളുകളിലും കെ-ഫോൺ സൗജന്യ കണക്ഷൻ ലഭ്യമാണ്.
എന്നാൽ, സേവനം തുടർന്നും ആവശ്യമുണ്ടോ എന്ന് അതാത് സ്കൂളുകൾ സർക്കാരിനെ അറിയിക്കണമെന്നും, ആവശ്യമെങ്കിൽ ബിൽ തുക സ്കൂളുകൾ തന്നെ വഹിക്കേണ്ടി വരുമെന്നും കെ-ഫോൺ നിർദ്ദേശിക്കുന്നു. ഇതുസംബന്ധിച്ച ഇമെയിൽ സന്ദേശം പൊതുവിദ്യാഭ്യാസ വകുപ്പ് സ്കൂളുകൾക്ക് കൈമാറി.
ഏകദേശം 6,000-ത്തോളം സ്കൂളുകൾക്ക് ഈ തീരുമാനം ബാധകമാകും. അവർക്ക് കെ-ഫോൺ ബിൽ അടച്ച് സേവനം തുടരുകയോ അല്ലെങ്കിൽ മറ്റ് സേവന ദാതാക്കളെ കണ്ടെത്തുകയോ ചെയ്യേണ്ടി വരും.
സംസ്ഥാനത്തെ സ്കൂളുകളിൽ 2009-ലാണ് ഇന്റർനെറ്റ് സംവിധാനം ഏർപ്പെടുത്തിയത്. പിന്നീട് 2016-ൽ ഇത് പ്രൈമറി സ്കൂളുകളിലേക്കും വ്യാപിപ്പിച്ചു.
തുടക്കത്തിൽ ബിഎസ്എൻഎൽ കണക്ഷനായിരുന്നു ആശ്രയിച്ചിരുന്നത്. 2018 മുതലാണ് കെ-ഫോൺ വഴി സൗജന്യ സേവനം ലഭ്യമായി തുടങ്ങിയത്.
കെ-ഫോണിന്റെ കണക്കുപ്രകാരം സംസ്ഥാനത്ത് ആകെ 1,47,485 കണക്ഷനുകളാണ് ഉള്ളത്. ഇതിൽ 1,16,360 എണ്ണം ബിപിഎൽ കുടുംബങ്ങൾക്കായി നീക്കിവെച്ചിട്ടുള്ളതാണ്.
ഈ കണക്ഷനുകളുടെ ഭാവി ഉൾപ്പെടെയുള്ള കാര്യങ്ങൾ സർക്കാരിന്റെ തുടർനയങ്ങളെ ആശ്രയിച്ചിരിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

