തളിപ്പറമ്പ് സർ സയ്യിദ് കോളജിനു സമീപത്തുള്ള വരഡൂർ – പനക്കാട് ചെങ്കൽപാറ പ്രദേശങ്ങളിൽ ഗവേഷകർ പുതിയൊരു തുമ്പി വർഗത്തെ കണ്ടെത്തി. നീലത്തവിടൻ ചേരാച്ചിറകൻ എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ സൂചിത്തുമ്പി, ലെസ്റ്റസ് പാലോട്ടി (Lestes paloti) എന്നാണ് ശാസ്ത്രീയമായി അറിയപ്പെടുന്നത്.
ഈ കണ്ടെത്തലിന് പിന്നിൽ പ്രവർത്തിച്ചത് പാല അൽഫോൻസ് കോളജ് ജന്തുശാസ്ത്ര വിഭാഗത്തിലെ വിനയൻ പി.നായർ, ഡോ.മായ ജോർജ്, ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസ് കോട്ടയത്തിലെ ഡോ.ഏബ്രഹാം സാമുവൽ, തിരുവനന്തപുരം ടിഎൻഎച്ച്എസ് പ്രതിനിധിയായ ഡോ.കലേഷ് സദാശിവൻ എന്നിവരടങ്ങുന്ന ഗവേഷക സംഘമാണ്. കോഴിക്കോട് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയിലെ ശാസ്ത്രജ്ഞനും കണ്ണൂർ പഴയങ്ങാടി സ്വദേശിയുമായ ഡോ.മുഹമ്മദ് ജാഫർ പാലോട്ടിനോടുള്ള ആദരസൂചകമായാണ് ഈ പുതിയ ഇനത്തിന് പ്രസ്തുത പേര് നൽകിയത്.
1987-ൽ ലാഹിരി എന്ന ശാസ്ത്രജ്ഞൻ ‘ലെസ്റ്റസ് ഗാരോയെൻസിസ്’ എന്ന ഇനത്തെ കണ്ടെത്തിയതിന് ശേഷം ഇന്ത്യയിൽ നിന്ന് ലെസ്റ്റസ് വർഗത്തിൽ ഉൾപ്പെടുത്തി വിവരിക്കപ്പെടുന്ന ആദ്യത്തെ പുതിയ ഇനമാണ് ഇതെന്ന പ്രത്യേകതയുമുണ്ട്. ഏകദേശം ഒരു നൂറ്റാണ്ടിനു ശേഷമാണ് പശ്ചിമഘട്ടത്തിലെ ചേരാച്ചിറകൻ തുമ്പികളുടെ പട്ടികയിലേക്ക് പുതിയൊരു ഇനം കൂടി ഇടംപിടിക്കുന്നത്.
കാലാവസ്ഥയ്ക്ക് അനുസരിച്ച് ശരീരനിറത്തിൽ മാറ്റം വരുത്താൻ ഈ തുമ്പികൾക്ക് കഴിയും. വേനൽക്കാലത്ത് തവിട്ടുനിറത്തിലും മഴക്കാലത്ത് നീലനിറത്തിലുമായി മാറുന്ന ഇവയുടെ ശാരീരിക സവിശേഷത ഗവേഷകരെ അത്ഭുതപ്പെടുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

