കാൽപ്പന്തുകളിയെ കേവലം ഒരു വിനോദമായി കാണാതെ, അതിനെ ജീവിതത്തിന്റെ ഭാഗമായി കൊണ്ടുനടക്കുന്ന ഒരാളാണ് ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ എ ആർ ശാരങ്ധരൻ. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി അദ്ദേഹം തയ്യാറാക്കി വെച്ചിരിക്കുന്ന ഫുട്ബോൾ സംബന്ധിയായ അപൂർവ്വ രേഖകളുടെയും വാർത്താചിത്രങ്ങളുടെയും ശേഖരം ഇന്ന് കായികപ്രേമികൾക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്.
പത്താം ക്ലാസിൽ പഠിക്കുന്ന കാലത്താണ് എ ആർ ശാരങ്ധരൻ ഈ വിപുലമായ ശേഖരണത്തിന് തുടക്കമിട്ടത്. 1986-ൽ മെക്സിക്കോയിൽ വെച്ച് മഡീഗോ മറഡോണ ലോകകപ്പ് ഉയർത്തിയ നിമിഷം മുതലുള്ള ചരിത്രപരമായ പത്ര റിപ്പോർട്ടുകളും ചിത്രങ്ങളും ഇന്ന് അദ്ദേഹത്തിന്റെ പക്കലുണ്ട്.
1986 മുതൽ 2026 വരെയുള്ള ലോകകപ്പ് ഫുട്ബോൾ മത്സരങ്ങളെക്കുറിച്ചുള്ള വിശകലനങ്ങൾ, പ്രത്യേക പതിപ്പുകൾ, പ്രധാനപ്പെട്ട വാർത്തകൾ എന്നിവ കൃത്യമായ ക്രമത്തിൽ അദ്ദേഹം സൂക്ഷിച്ചിരിക്കുന്നു.
ലോകകപ്പിന് പുറമെ കോപ്പ അമേരിക്ക, യൂറോ കപ്പ്, സന്തോഷ് ട്രോഫി, ഐഎസ്എൽ, ഐ-ലീഗ് തുടങ്ങിയ ദേശീയ-അന്തർദേശീയ ടൂർണമെന്റുകളെക്കുറിച്ചുള്ള അമൂല്യമായ വിവരങ്ങളും ഈ ശേഖരത്തിന്റെ ഭാഗമാണ്. കാലപ്പഴക്കം കൊണ്ട് നശിച്ചുപോകുമായിരുന്ന ആയിരക്കണക്കിന് പത്രക്കട്ടിംഗുകൾ ഒരു സ്വകാര്യ ആർക്കൈവ് മാതൃകയിൽ അദ്ദേഹം പരിപാലിക്കുന്നു.
ടൂർണമെന്റുകൾ അടിസ്ഥാനമാക്കി വർഷക്രമത്തിൽ വേർതിരിച്ചിരിക്കുന്നതിനാൽ, കായിക ഗവേഷകർക്കും വിദ്യാർത്ഥികൾക്കും ചരിത്രവിദ്യാർത്ഥികൾക്കും ഈ ലൈബ്രറി അറിവിന്റെ വലിയൊരു ഉറവിടമായി മാറുന്നു. അടുത്തിടെ പൊതുജനങ്ങൾക്കായി ഒരുക്കിയ ഈ ഫോട്ടോ പ്രദർശനം കായിക പ്രേമികൾക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചത്.
മൈതാനങ്ങളിൽ ആവേശം വിതറി കടന്നുപോയ ഇതിഹാസ താരങ്ങളുടെയും ചരിത്രനിമിഷങ്ങളുടെയും അപൂർവ്വ ചിത്രങ്ങൾ ഒരിടത്ത് കാണാൻ സാധിച്ചത് ആരാധകർക്ക് നവ്യാനുഭവമായി. കേവലം ഒരു ഹോബി എന്നതിലുപരി, കായിക ചരിത്രത്തിന്റെ വിലമതിക്കാനാവാത്ത ഒരു രേഖാശേഖരമായി എ ആർ ശാരങ്ധരന്റെ ഈ ഫുട്ബോൾ ലൈബ്രറി മാറിക്കഴിഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

