അന്യഗ്രഹ ജീവനെക്കുറിച്ചുള്ള മനുഷ്യന്റെ ദീർഘകാല ഗവേഷണങ്ങളിൽ നിർണായകമായ മുന്നേറ്റം രേഖപ്പെടുത്തിയിരിക്കുന്നു. ഭൂമിക്ക് സമാനമായ ഘടനയുള്ള, പാറകൾ നിറഞ്ഞ ഒരു ഗ്രഹത്തിൽ അന്തരീക്ഷത്തിന്റെ സാന്നിധ്യം ശാസ്ത്രലോകം ആദ്യമായി നേരിട്ട് സ്ഥിരീകരിച്ചു.
എൽഎച്ച്എസ് 1140 ബി (LHS 1140 b) എന്ന ഗ്രഹത്തിലാണ് ഈ സുപ്രധാന കണ്ടെത്തൽ ഉണ്ടായിരിക്കുന്നത്. ഭൂമിയിൽ നിന്ന് ഏകദേശം 48 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഈ ഗ്രഹം, ജീവന്റെ നിലനിൽപ്പിന് അനുകൂലമായ സാഹചര്യങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ള മേഖലയിലാണ് ഉൾപ്പെടുന്നത്.
ഗവേഷകർ നടത്തിയ നിരീക്ഷണങ്ങളിൽ ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ ഹീലിയം വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തി. സൗരയൂഥത്തിന് പുറത്തുള്ള ഒരു പാറഗ്രഹത്തിൽ അന്തരീക്ഷം നേരിട്ട് കണ്ടെത്തുന്നത് ശാസ്ത്ര ചരിത്രത്തിൽ തന്നെ ആദ്യമായാണ്.
ഒരു നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹം ജീവന് അനുയോജ്യമായ താപനില നിലനിർത്തുന്ന ‘വാസയോഗ്യ മേഖല’യിലാണ് സ്ഥിതി ചെയ്യുന്നത് എന്നത് ഈ കണ്ടെത്തലിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. ദ്രാവക രൂപത്തിലുള്ള ജലം നിലനിൽക്കാൻ ആവശ്യമായ താപനില ഇവിടെയുണ്ടാകുമെന്നാണ് ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.
ഗവേഷണ സംഘത്തിലെ പ്രധാന അംഗമായ കോളിൻ ചെറുബിം ഈ നേട്ടത്തെക്കുറിച്ച് പ്രതികരിച്ചത് ഇങ്ങനെയാണ്: “ഈ ഗ്രഹത്തിന്റെ അന്തരീക്ഷത്തിൽ ഹീലിയം നേരിട്ട് കണ്ടെത്താൻ കഴിഞ്ഞത് വലിയ നേട്ടമാണെന്നും അതിനൊപ്പം ഈ ഗ്രഹം വാസയോഗ്യ മേഖലയിലാണെന്നത് ജീവനെക്കുറിച്ചുള്ള പഠനങ്ങൾക്ക് പുതിയ വഴികൾ തുറക്കുന്നു.” 2017-ലാണ് എൽഎച്ച്എസ് 1140 ബി ആദ്യമായി ശാസ്ത്രലോകത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. എന്നാൽ അന്തരീക്ഷത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കാൻ വർഷങ്ങളോളം നീണ്ട
സൂക്ഷ്മമായ നിരീക്ഷണങ്ങൾ ആവശ്യമായി വന്നു. ചുവന്ന കുള്ളൻ നക്ഷത്രത്തെ ഭ്രമണം ചെയ്യുന്ന ഈ ഗ്രഹം, നക്ഷത്രങ്ങളിൽ നിന്നുള്ള ശക്തമായ വികിരണങ്ങളെ അതിജീവിച്ച് കോടിക്കണക്കിന് വർഷങ്ങളായി അന്തരീക്ഷം നിലനിർത്തുന്നു എന്നത് ഗവേഷകരെ അത്ഭുതപ്പെടുത്തുന്നു.
ഹരിതഗൃഹ പ്രഭാവം മൂലം ഈ ഗ്രഹത്തിൽ ജലസാന്നിധ്യം ഉണ്ടാകാൻ സാധ്യതയുണ്ടെങ്കിലും, നിലവിൽ ഇവിടെ ജീവന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് ഗവേഷകർ വ്യക്തമാക്കിയിട്ടുണ്ട്. ചിലിയിലെ മഗല്ലൻ നിരീക്ഷണകേന്ദ്രത്തിലെ അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ചാണ് ഈ പഠനം നടത്തിയത്.
ഗ്രഹം നക്ഷത്രത്തിന് മുന്നിലൂടെ കടന്നുപോകുമ്പോൾ പ്രകാശത്തിലുണ്ടാകുന്ന മാറ്റങ്ങൾ വിശകലനം ചെയ്താണ് അന്തരീക്ഷ ഘടന തിരിച്ചറിഞ്ഞത്. പ്രമുഖ ശാസ്ത്ര ജേണലായ ‘സയൻസി’ൽ ആണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
“പ്രപഞ്ചത്തിൽ നാം ഒറ്റയ്ക്കാണോ?” എന്ന ചോദ്യത്തിന് ഉത്തരം തേടുന്ന ശാസ്ത്രീയ യാത്രയിലെ നിർണായകമായ നാഴികക്കല്ലാണ് ഈ കണ്ടെത്തൽ. ഭാവിയിലെ കൂടുതൽ പഠനങ്ങളിലൂടെ ഗ്രഹത്തിലെ മറ്റ് വാതകങ്ങളെക്കുറിച്ചും ജലസാന്നിധ്യത്തെക്കുറിച്ചും വ്യക്തമായ ധാരണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

