നീറ്റ് പരീക്ഷയിലെ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ സമരം നടത്തുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിനെ നിലവിൽ ചികിത്സയിലുള്ള സഫ്ദർജങ് ആശുപത്രിയിൽ നിന്നും മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റേണ്ടതില്ലെന്ന് ഡൽഹി ഹൈക്കോടതി ഉത്തരവിട്ടു. അദ്ദേഹത്തെ അടിയന്തരമായി മാറ്റണമെന്നാവശ്യപ്പെട്ട് ഭാര്യ ഗീതാഞ്ജലി ജെ.
ആങ്മോ സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസ് മിനി പുഷ്കർണയുടെ നിരീക്ഷണം. വിഷയം കൂടുതൽ വിശദമായി പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി അറിയിച്ചു.
സോനം വാങ്ചുക് തടങ്കലിലല്ലെന്നും അദ്ദേഹത്തിന്റെ ഭാര്യ, സഹോദരൻ, അളിയൻ എന്നിവർക്ക് അദ്ദേഹത്തെ സന്ദർശിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഓരോ ജീവനും വിലപ്പെട്ടതാണെന്ന് ഓർമ്മിപ്പിച്ച കോടതി, കുടുംബാംഗങ്ങൾക്ക് ആശുപത്രിയിൽ പ്രത്യേക മുറി അനുവദിച്ചിട്ടുണ്ടെന്നും ഈ ഘട്ടത്തിൽ ഇടക്കാല ഉത്തരവുകളുടെ ആവശ്യമില്ലെന്നും വ്യക്തമാക്കി.
ആരോഗ്യനില സംബന്ധിച്ച വിശദമായ റിപ്പോർട്ട് മൂന്ന് ദിവസത്തിനകം സമർപ്പിക്കാൻ നിർദ്ദേശിച്ച കോടതി, ഹർജിയിലുള്ള അടുത്ത വാദം കേൾക്കൽ ജൂലൈ 24-ലേക്ക് മാറ്റി. സ്വന്തം താൽപര്യപ്രകാരം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം.
വാങ്ചുക്കിന് സർക്കാർ ആശുപത്രിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും, അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാകുന്നതിന് മുൻപ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. വാങ്ചുക്കിനെ കാണാൻ അദ്ദേഹത്തിന്റെ ഡോക്ടർമാർക്കോ അഭിഭാഷകർക്കോ അനുമതി നൽകുന്നില്ലെന്നും, നൽകുന്ന മരുന്നുകളെക്കുറിച്ചുള്ള വിവരങ്ങൾ മറച്ചുവെക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യയിലെ ഒരു പൗരന് തനിക്ക് ഇഷ്ടമുള്ള ആശുപത്രിയിൽ ചികിത്സ തേടാൻ അവകാശമില്ലേയെന്നും കപിൽ സിബൽ ചോദിച്ചു. നൂറിലധികം പോലീസുകാരുടെ സാന്നിധ്യത്തിൽ ആശുപത്രിയിൽ കഴിയുന്നത് ചികിത്സയല്ലെന്നും, അത് നിയമവിരുദ്ധമായ തടങ്കലാണെന്നും കുടുംബം ആരോപിച്ചു.
എന്നാൽ, സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരിൽ വിശ്വാസമർപ്പിക്കാൻ അദ്ദേഹം തയ്യാറാകണമെന്ന് സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ്മ മറുവാദം ഉന്നയിച്ചു. ഉപവാസത്തെ തുടർന്ന് ആരോഗ്യനില മോശമായതിനാലാണ് ഇടപെട്ടതെന്നും, ആവശ്യമെങ്കിൽ രാഷ്ട്രപതി ചികിത്സ തേടുന്ന എയിംസ് ആശുപത്രിയിലേക്ക് മാറ്റാൻ തയ്യാറാണെന്നും സർക്കാർ അറിയിച്ചു.
വാങ്ചുക്ക് സ്വന്തം താൽപര്യപ്രകാരം ആശുപത്രിയിൽ പ്രവേശിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിൽ സർക്കാരിന് ഇടപെടാൻ നിയമപരമായ അവകാശമുണ്ടെന്ന് കോടതിയും നിരീക്ഷിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

