ഒരുകാലത്ത് സങ്കൽപ്പിക്കാൻ പോലും കഴിയാത്ത കാര്യമായിരുന്നു സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് ആഗോള സാമ്പത്തിക മേഖലയെ സ്വാധീനിക്കാൻ സാധിക്കുമെന്നത്. എന്നാൽ, ഇന്നത്തെ സാഹചര്യത്തിൽ ഓഹരി വിപണി, ക്രൂഡ് ഓയിൽ, സ്വർണം തുടങ്ങിയവയുടെ ഗതി നിശ്ചയിക്കുന്നതിൽ പ്രധാനപ്പെട്ട
ഘടകങ്ങളിലൊന്നായി സമൂഹ മാധ്യമങ്ങളിലെ പ്രഖ്യാപനങ്ങൾ മാറിയിരിക്കുന്നു. ഇതിൽ ഏറ്റവും നിർണായകമായ പങ്ക് വഹിക്കുന്നത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ്.
താരിഫ്, യുദ്ധസാഹചര്യങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം നടത്തുന്ന പ്രസ്താവനകൾ വിപണിയിൽ വലിയ ചലനങ്ങളാണ് സൃഷ്ടിക്കാറുള്ളത്. ഈ സാഹചര്യത്തിൽ വലിയൊരു മാറ്റത്തിന് തയ്യാറെടുക്കുകയാണ് അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പ്.
‘ട്രൂത്ത് പിഎസ്ഐ’ എന്ന പേരിൽ പുതിയൊരു പ്രീമിയം സബ്സ്ക്രിപ്ഷൻ സേവനം അവതരിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിന്റെ ഭാഗമായി വരുന്ന ഈ സംവിധാനത്തിലൂടെ, പ്ലാറ്റ്ഫോമിലെ തിരഞ്ഞെടുത്ത 10 പ്രധാന അക്കൗണ്ടുകളിൽ നിന്നുള്ള വിവരങ്ങൾ പൊതുസമൂഹത്തിൽ എത്തുന്നതിന് സെക്കൻഡുകൾക്ക് മുൻപ് പ്രീമിയം വരിക്കാർക്ക് ലഭ്യമാകും.
ഡോണൾഡ് ട്രംപ് നേരിട്ട് നടത്തുന്ന പോസ്റ്റുകൾ പോലും ഇത്തരത്തിൽ നേരത്തെ അറിയാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ലഭ്യമായിട്ടില്ല.
പ്രസിഡന്റിന്റെ പ്രഖ്യാപനങ്ങൾ മുൻകൂട്ടി അറിയുന്നത് ഓഹരി വിപണിയിൽ ചിലർക്ക് അമിത മുൻതൂക്കം നൽകുമെന്ന വിമർശനം ഇതിനകം ഉയർന്നു കഴിഞ്ഞു. യുഎസിലെ നിയമപ്രകാരം സർക്കാർ ഉദ്യോഗസ്ഥർക്ക് തങ്ങളുടെ തീരുമാനങ്ങൾ ബാധിക്കുന്ന കമ്പനികളിൽ നിക്ഷേപം നടത്തുന്നതിന് നിയന്ത്രണമുണ്ടെങ്കിലും, പ്രസിഡന്റിനും വൈസ് പ്രസിഡന്റിനും ഈ ചട്ടം ബാധകമല്ല.
ഉദാഹരണത്തിന്, 2025 ഏപ്രിൽ ഒൻപതിന് ട്രംപ് പ്രഖ്യാപിച്ച തീരുവ മരവിപ്പിക്കൽ നടപടിക്ക് പിന്നാലെ ഓഹരി വിപണിയിൽ വലിയ കുതിച്ചുചാട്ടമാണ് ഉണ്ടായത്. ഇത്തരത്തിലുള്ള മുൻകൂർ വിവരങ്ങൾ വലിയ സാമ്പത്തിക നേട്ടങ്ങൾക്ക് വഴിയൊരുക്കുമെന്ന ആശങ്ക ശക്തമാണ്.
അതേസമയം, സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ട്രംപ് മീഡിയ ആൻഡ് ടെക്നോളജി ഗ്രൂപ്പിന് ഈ പദ്ധതി ഏറെ നിർണായകമാണ്. പ്രസിഡന്റ് സ്ഥാനമേറ്റെടുത്ത ശേഷം കമ്പനിയുടെ ഓഹരി വിലയിൽ 70 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിരുന്നു.
ഏകദേശം 600 കോടി ഡോളറിന്റെ നഷ്ടമാണ് നിക്ഷേപകർക്കുണ്ടായത്. ഈ സാഹചര്യത്തിൽ കമ്പനിയുടെ വരുമാനം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സിഇഒ കെവിൻ മക്ഗേണിൻ പ്രീമിയം സബ്സ്ക്രിപ്ഷൻ എന്ന ആശയം മുന്നോട്ടുവെച്ചിരിക്കുന്നത്.
പ്രതിമാസം ഒരു ലക്ഷം ഡോളർ (ഏകദേശം 95 ലക്ഷം രൂപ) ആണ് ഇതിനായി നിശ്ചയിച്ചിരിക്കുന്ന ഫീസ്. മൂന്ന് വർഷത്തെ ദീർഘകാല പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് പ്രതിമാസം 60,000 ഡോളർ എന്ന നിരക്കിൽ സേവനം ലഭ്യമാകും.
വലിയ സാമ്പത്തിക സ്ഥാപനങ്ങളെയും ബാങ്കുകളെയുമാണ് ഈ സേവനത്തിലൂടെ കമ്പനി പ്രധാനമായും ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

