വിതുര പഞ്ചായത്തിൽ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നതിനിടെ, അവയെ വെടിവെച്ചു കൊല്ലുന്നതുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ നടപ്പിലാക്കുന്നത് വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു.
കാട്ടുപന്നികളെ വെടിവെച്ചു കൊല്ലുന്നതിനൊപ്പം അവയുടെ ജഡം സംസ്കരിക്കേണ്ട പൂർണ്ണ ഉത്തരവാദിത്തം എംപാനൽ ഷൂട്ടർമാർക്ക് കൈമാറിയ പുതിയ ക്രമീകരണമാണ് നിലവിലെ തടസ്സം.
അധിക ബാധ്യത ഏൽക്കാൻ തയ്യാറാകാതെ ഭൂരിഭാഗം ഷൂട്ടർമാരും കരാറിൽ നിന്ന് പിന്മാറിയത് പഞ്ചായത്തിലെ നിയന്ത്രണ പ്രവർത്തനങ്ങളെ അവതാളത്തിലാക്കി. നേരത്തെ, കാട്ടുപന്നിയെ വെടിവെച്ചു കൊല്ലുന്നതിന് 1,500 രൂപയും, ജഡം കുഴിച്ചുമൂടുന്നത് ഉൾപ്പെടെയുള്ള മേൽനോട്ട
പ്രവർത്തനങ്ങൾക്കായി പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിൽ 2,000 രൂപയുമാണ് ഷൂട്ടർമാർക്ക് നൽകിയിരുന്നത്. എന്നാൽ പുതിയ നിർദേശപ്രകാരം തോക്കിനൊപ്പം മൺവെട്ടിയുമെടുത്ത് ജഡം സംസ്കരിക്കാൻ ഇറങ്ങേണ്ട
ഗതികേടിലാണ് തങ്ങളെന്ന് ഷൂട്ടർമാർ വ്യക്തമാക്കുന്നു. നിലവിൽ ആറ് ഷൂട്ടർമാർ അപേക്ഷ നൽകിയിരുന്നെങ്കിലും, പുതിയ നിബന്ധനകൾ വന്നതോടെ ഒരാൾ മാത്രമാണ് കരാർ ഏറ്റെടുക്കാൻ തയ്യാറായത്.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് 500-ലധികം പന്നികളെ സംസ്കരിച്ചിരുന്നത് പഞ്ചായത്ത് അംഗങ്ങളുടെ നേതൃത്വത്തിലായിരുന്നു എന്നത് ശ്രദ്ധേയമാണ്. സർക്കാർ നിർദേശപ്രകാരം പഞ്ചായത്തിൽ സൂക്ഷിക്കേണ്ട
പ്രത്യേക രജിസ്റ്ററിലെ വിവരങ്ങളുടെ ആധികാരികതയും ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. കൃഷിനാശം വർധിക്കുന്ന സാഹചര്യത്തിൽ, ഷൂട്ടർമാരുടെ കുറവ് പ്രതിസന്ധി രൂക്ഷമാക്കുന്നു.
പ്രതിസന്ധി പരിഹരിക്കാൻ ചർച്ചകൾ തുടരുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എസ്. സിന്ധു അറിയിച്ചു.
ഹോഗ് ട്രാപ്പ് സംവിധാനം ആവശ്യം
കാട്ടുപന്നികളെ കൂട്ടത്തോടെ നിയന്ത്രിക്കാൻ ‘ഹോഗ് ട്രാപ്പ്’ സംവിധാനം നടപ്പിലാക്കണമെന്ന ആവശ്യം വീണ്ടും ശക്തമായിരിക്കുകയാണ്. വല ഉപയോഗിച്ച് നിശ്ചിത പ്രദേശം മറച്ച്, ഭക്ഷണാവശിഷ്ടങ്ങൾ നൽകി പന്നികളെ ആകർഷിച്ചു പിടികൂടുന്ന രീതിയാണിത്.
ഇതിന്റെ രൂപരേഖയും സാധ്യതാ പഠനവും വനം വകുപ്പിന് സമർപ്പിച്ചിരുന്നുവെന്ന് എംപാനൽ ഷൂട്ടർ എം. അനിരുദ്ധ് കൗശിക് വ്യക്തമാക്കി.
എന്നാൽ തദ്ദേശ സ്ഥാപനങ്ങൾക്ക് ഉത്തരവാദിത്തം നൽകുന്ന സർക്കാർ ഉത്തരവ് വന്നതോടെ ഈ പദ്ധതിയുടെ തുടർനടപടികൾ നിലയ്ക്കുകയായിരുന്നു. വനം വകുപ്പിന്റെ ഭാഗത്തുനിന്നും ഇത്തരമൊരു മാസ്റ്റർ പ്ലാൻ പരിഗണനയിലുണ്ടായിരുന്നുവെങ്കിലും നിലവിലെ സർക്കാർ നിബന്ധനകൾ അതിന് തടസ്സമായി നിൽക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

