ക്രെഡിറ്റ് കാർഡ് ഉപയോഗം സുരക്ഷിതമെന്ന് കരുതുന്നവർക്ക് മുന്നറിയിപ്പുമായി പുതിയ റിപ്പോർട്ടുകൾ പുറത്തുവരുന്നു. കൃത്യമായി പണമടച്ചാലും അപ്രതീക്ഷിതമായി സാമ്പത്തിക ബാധ്യതകളും സിബിൽ സ്കോറിൽ ഇടിവും സംഭവിക്കാൻ സാധ്യതയുണ്ടെന്നാണ് പുതിയ വെളിപ്പെടുത്തലുകൾ വ്യക്തമാക്കുന്നത്.
രാജ്യാന്തര തലത്തിൽ സോംബി കാർഡുകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പ്രതിഭാസമാണ് ഉപഭോക്താക്കളെ വലിയ പ്രതിസന്ധിയിലാക്കുന്നത്. ഒരു ഉപഭോക്താവിന്റെ ദുരനുഭവം ഇതിന് മികച്ച ഉദാഹരണമാണ്.
20 വർഷമായി ഉപയോഗിച്ചുവന്ന എസ്ബിഐ ക്രെഡിറ്റ് കാർഡ്, വ്യക്തിപരമായ കാരണങ്ങളാൽ 2026 ജനുവരിയിൽ എല്ലാ കുടിശ്ശികകളും തീർത്ത ശേഷം ഇദ്ദേഹം ക്ലോസ് ചെയ്യാൻ അപേക്ഷ നൽകി. സേവനം അവസാനിപ്പിച്ചതായി ബാങ്കിൽ നിന്ന് എസ്എംഎസും സ്ഥിരീകരണ കോളും ലഭിച്ചതോടെ മൊബൈൽ ആപ്ലിക്കേഷൻ അടക്കം ഡിലീറ്റ് ചെയ്ത് അദ്ദേഹം ആ അധ്യായം അവസാനിപ്പിച്ചു.
എന്നാൽ, 2026 ജൂലൈയിൽ വായ്പ ആവശ്യത്തിനായി സിബിൽ സ്കോർ പരിശോധിച്ചപ്പോൾ സ്കോർ 840-ൽ നിന്ന് 679 ആയി ഇടിഞ്ഞതായി കണ്ടെത്തി. അന്വേഷണത്തിലാണ് എസ്ബിഐ കാർഡ് അക്കൗണ്ടിൽ കുടിശ്ശികയുണ്ടെന്ന് വ്യക്തമായത്.
55 രൂപയുടെ ബാധ്യത
ക്ലോസ് ചെയ്ത കാർഡിൽ 2025 ഓഗസ്റ്റിലെ ഒരു ഇടപാടുമായി ബന്ധപ്പെട്ട് 55 രൂപ ബാക്കിയുണ്ടെന്നും, അത് അടയ്ക്കാത്തതിനാലാണ് പിഴ ചുമത്തിയതെന്നുമാണ് കാർഡ് കമ്പനിയുടെ മറുപടി. കാർഡ് ക്ലോസ് ചെയ്ത ശേഷം ഇങ്ങനെയൊരു സ്റ്റേറ്റ്മെന്റ് അയച്ചതിനെക്കുറിച്ച് കമ്പനി വ്യക്തമായ മറുപടി നൽകിയില്ല.
ഒടുവിൽ പലിശയും കൂട്ടുപലിശയും ചേർത്ത് 550 രൂപ അടയ്ക്കാനാണ് നിർദ്ദേശം ലഭിച്ചത്. ശ്രദ്ധിക്കേണ്ട
മറ്റ് ചതിക്കുഴികൾ:
* ലൈഫ് ടൈം ഫ്രീ ചതി: വാർഷിക ചാർജ് ഇല്ലെന്ന് ഉറപ്പുനൽകി നൽകുന്ന കാർഡുകളിൽ വർഷങ്ങൾക്ക് ശേഷം അപ്രതീക്ഷിതമായി നിരക്കുകൾ ചുമത്തിയേക്കാം. ഇത് ഉപഭോക്താക്കൾ കൃത്യമായി നിരീക്ഷിക്കണം.
* മിനിമം ഡ്യൂ കെണി: ബിൽ അടയ്ക്കുമ്പോൾ ‘മിനിമം എമൗണ്ട് ഡ്യൂ’ തിരഞ്ഞെടുക്കുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും.
ബാക്കി തുകയ്ക്ക് ഉയർന്ന പലിശ നൽകേണ്ടി വരും.
* ഓട്ടോ ഡെബിറ്റ്: സാങ്കേതിക തകരാറുകൾ മൂലം ഓട്ടോ-പേ പരാജയപ്പെട്ടാൽ പോലും ലേറ്റ് ഫീ നൽകേണ്ടി വരും. അതിനാൽ പേയ്മെന്റുകൾ കൃത്യമായി നടക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തണം.
* ഇഎംഐ വാഗ്ദാനങ്ങൾ: വലിയ തുകകൾ ഇഎംഐ ആക്കാൻ ലഭിക്കുന്ന ഓഫറുകളിൽ പ്രോസസിങ് ഫീസും പലിശയും മറഞ്ഞിരിപ്പുണ്ടാകും.
* പരാതി പോർട്ടലുകൾ: പല കാർഡ് കമ്പനികളുടെയും പരാതി പരിഹാര സംവിധാനങ്ങൾ പലപ്പോഴും സാങ്കേതിക പിഴവുകൾ (Error) കാണിച്ച് പ്രവർത്തിക്കാറില്ല.
ഇത് പരാതിക്കാർക്ക് ഓംബുഡ്സ്മാനെ സമീപിക്കാൻ പോലും തടസ്സമാകുന്നു. ഇത്തരത്തിൽ സോംബി കാർഡുകൾ ഒഴിവാക്കാൻ കാർഡ് ക്ലോസ് ചെയ്താലും അതുമായി ബന്ധപ്പെട്ട
രേഖകൾ ദീർഘകാലം സൂക്ഷിച്ചുവെക്കേണ്ടത് അത്യാവശ്യമാണ്. ഏതൊരു കമ്പനിയുടെ കാർഡ് ആയാലും അമിതമായ ലിമിറ്റ് വർധനയോ ഓഫറുകളോ സ്വീകരിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

