ബെംഗളൂരു – എറണാകുളം വന്ദേ ഭാരത് എക്സ്പ്രസിന്റെ യാത്രാ സൗകര്യം വർധിപ്പിക്കാൻ തീരുമാനം. നിലവിൽ 8 കോച്ചുകളുമായി സർവീസ് നടത്തുന്ന ട്രെയിനിന് പകരമായി 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അനുവദിച്ചുകൊണ്ട് റെയിൽവേ ബോർഡ് ഉത്തരവിറക്കി.
അടുത്തയാഴ്ചയോടെ ഈ പുതിയ സർവീസ് പ്രവർത്തനസജ്ജമാകും. യാത്രക്കാരുടെ എണ്ണം പരിഗണിക്കുമ്പോൾ പുതിയ തീരുമാനം വലിയ ആശ്വാസമാണ് നൽകുന്നത്.
നിലവിൽ 530 സീറ്റുകളുള്ള സ്ഥാനത്ത് പുതിയ ട്രെയിൻ എത്തുന്നതോടെ 1128 സീറ്റുകൾ ലഭ്യമാകും. ഓണക്കാലത്ത് നാട്ടിലേക്കും തിരിച്ചുമുള്ള യാത്രക്കാർക്ക് ഇത് ഏറെ ഗുണം ചെയ്യും.
ഓഗസ്റ്റ് 21, 22 തീയതികളിൽ ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കുള്ള ചെയർകാർ വിഭാഗത്തിൽ വെയ്റ്റിംഗ് ലിസ്റ്റ് നൂറിന് മുകളിലാണ്. കൂടാതെ ഓഗസ്റ്റ് 29 മുതൽ 31 വരെ ബെംഗളൂരുവിലേക്കുള്ള ടിക്കറ്റുകൾ നിലവിൽ ലഭ്യമല്ല.
ഈ സാഹചര്യത്തിലാണ് കോച്ചുകളുടെ എണ്ണം വർധിപ്പിക്കാൻ റെയിൽവേ നിർബന്ധിതമായത്. അതേസമയം, എറണാകുളം–തിരുവനന്തപുരം വന്ദേ ഭാരത് സർവീസ് എന്ന ആവശ്യത്തിന്മേൽ റെയിൽവേ നിലപാട് കടുപ്പിക്കുകയാണ്.
ബിജെപി സംസ്ഥാന നേതൃത്വം ഇക്കാര്യം ആവശ്യപ്പെട്ട് കത്ത് നൽകിയിരുന്നെങ്കിലും, ദൂരപരിധി കുറവാണെന്ന കാരണത്താൽ റെയിൽവേ ഈ നിർദ്ദേശം തള്ളുകയായിരുന്നു. എറണാകുളം–തിരുവനന്തപുരം സർവീസ് നടത്തിയാൽ ട്രെയിൻ തിരുവനന്തപുരത്ത് ദീർഘനേരം വെറുതെ ഇടേണ്ടി വരുമെന്നാണ് റെയിൽവേയുടെ വാദം.
എന്നാൽ, മറ്റ് റെയിൽവേ സോണുകളിൽ ഹ്രസ്വദൂര വന്ദേ ഭാരത് സർവീസുകളെ ദീർഘദൂര സർവീസുകളുമായി ബന്ധിപ്പിക്കുന്നുണ്ടെന്നും, അതേ മാതൃക കേരളത്തിലും നടപ്പിലാക്കാമെന്നും യാത്രാ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. രാവിലെ എറണാകുളത്ത് നിന്ന് പുറപ്പെട്ട് 10 മണിയോടെ തിരുവനന്തപുരത്തെത്തുന്ന ട്രെയിൻ, പിന്നീട് നാഗർകോവിൽ, മധുര, തിരുച്ചിറപ്പള്ളി വഴി ചെന്നൈയിലേക്ക് സർവീസ് നടത്തുന്ന രീതിയിൽ ക്രമീകരിക്കാവുന്നതാണ്.
തിരികെ ചെന്നൈയിൽ നിന്ന് രാവിലെ പുറപ്പെട്ട് തിരുവനന്തപുരത്ത് വൈകിട്ടും, രാത്രി എറണാകുളത്തും എത്തുന്ന രീതിയിൽ ക്രമീകരണങ്ങൾ സാധ്യമാണെങ്കിലും റെയിൽവേ ഇക്കാര്യത്തിൽ അനുകൂലമായ നിലപാട് സ്വീകരിക്കുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

