എറണാകുളം ജില്ലയിലെ നായരമ്പലത്ത് ഭിന്നശേഷിക്കാരായ കുട്ടികളുടെ നേതൃത്വത്തിൽ ആരംഭിച്ച ഭക്ഷണശാല ശ്രദ്ധേയമാകുന്നു. നായരമ്പലം കരുണ സ്പെഷൽ സ്കൂളിനോട് അനുബന്ധിച്ച് വൊക്കേഷനൽ പരിശീലന പദ്ധതിയുടെ ഭാഗമായി രണ്ടാഴ്ച മുൻപാണ് കാനാ കഫെ പ്രവർത്തനം ആരംഭിച്ചത്.
സ്കൂളിലെ അക്ഷരങ്ങൾക്കും അക്കങ്ങൾക്കും അപ്പുറം ജീവിത പാഠങ്ങൾ കൂടി കുട്ടികൾ സ്വായത്തമാക്കണമെന്ന പ്രിൻസിപ്പൽ സിസ്റ്റർ വിമൽ ഗ്രേസിന്റെ ദീർഘവീക്ഷണമാണ് ഈ സംരംഭത്തിന് പിന്നിൽ. സ്കൂളിൽ പഠിക്കുന്ന ഇരുന്നൂറിലേറെ കുട്ടികളിൽ പതിനെട്ട് വയസ്സ് പൂർത്തിയായവരും പ്രത്യേക പരിശീലനം ലഭിച്ചവരുമാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്.
ഓരോ കുട്ടിയുടെയും കഴിവുകളും അഭിരുചികളും കണക്കിലെടുത്താണ് അവർക്ക് ജോലി നൽകിയിരിക്കുന്നത്. സന്ദർശകരെ സ്വീകരിക്കുന്നത് മുതൽ ഓർഡർ സ്വീകരിക്കുന്നതും വിഭവങ്ങൾ വിളമ്പുന്നതും വരെ ഇവരുടെ ഉത്തരവാദിത്തമാണ്.
കഫെയിലെ ഭക്ഷണ വിഭവങ്ങൾ ഇതിനോടകം തന്നെ ജനശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. കോൺഫ്ലേക്സിൽ തയ്യാറാക്കുന്ന ‘പരിഷ്കാരി പഴംപൊരി’, കിളിക്കൂട്, ചിരി മുട്ട, കാനാ കൊക്കോ ബൈറ്റ്, വിവിധ തരം കട്ലറ്റുകൾ, ഇവിടെത്തന്നെ നിർമ്മിക്കുന്ന ഐസ്ക്രീം, ജ്യൂസ് എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.
രാവിലെ 10.30 മുതൽ രാത്രി 7 മണി വരെയാണ് കഫെയുടെ പ്രവർത്തനം. നാട്ടുകാർക്ക് പുറമേ വിദൂര സ്ഥലങ്ങളിൽ നിന്ന് പോലും നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്.
ഈ സംരംഭത്തിലൂടെ കുട്ടികൾക്ക് പൊതുജനങ്ങളുമായി ഇടപെടാനും പണമിടപാടുകൾ നടത്താനും പരിശീലനം ലഭിക്കുന്നു. ഇതിനോടൊപ്പം തന്നെ അവർക്ക് ചെറിയൊരു വരുമാനവും ലഭിക്കുന്നു എന്നത് പദ്ധതിയുടെ മറ്റൊരു പ്രത്യേകതയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

