സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് വലിയ മുന്നേറ്റം. ഗ്രാമിന് 70 രൂപ വർധിച്ച് 13,135 രൂപ എന്ന നിലവാരത്തിലും, പവന് 560 രൂപ ഉയർന്ന് 1,05,080 രൂപ എന്ന നിരക്കിലുമാണ് ഇന്നത്തെ വ്യാപാരം നടക്കുന്നത്.
വിപണിയിൽ ഈ നിരക്കിനൊപ്പം പണിക്കൂലി, ജിഎസ്ടി, ഹോൾമാർക്ക് ചാർജ് എന്നിവ കൂടി ചേർത്താകും ഉപഭോക്താക്കൾ സ്വർണം വാങ്ങേണ്ടി വരിക. രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് പ്രാദേശിക വിപണിയിലും പ്രതിഫലിക്കുന്നത്.
4000 ഡോളർ എന്ന നിർണായക നിലവാരത്തിന് താഴേക്ക് പതിച്ച രാജ്യാന്തര സ്വർണവില, യുഎസ്-ഇറാൻ സംഘർഷങ്ങളെ തുടർന്ന് ക്രൂഡോയിൽ വിലയിലുണ്ടായ വർധനവും ഡോളറിന്റെ കരുത്തും കാരണം കൂടുതൽ ഇടിയുമെന്നായിരുന്നു വിപണി നിരീക്ഷകർ കരുതിയിരുന്നത്. എന്നാൽ, അമേരിക്കൻ ഓഹരി വിപണിയിലുണ്ടായ തിരിച്ചടികൾ സ്വർണത്തിന് ഗുണകരമായി.
എസ് ആൻഡ് പി500 സൂചിക 1% ഇടിയുകയും, ഡൗ ജോൺസ് 406.55 പോയിന്റ് (-0.8%) നഷ്ടം നേരിടുകയും ചെയ്തു. നാസ്ഡാക്ക് ആകട്ടെ 1.4 ശതമാനമാണ് ഇടിഞ്ഞത്.
ഓഹരി വിപണിയിലെ ഈ തകർച്ചയെ തുടർന്ന് നിക്ഷേപകർ ഗോൾഡ് ഇടിഎഫ് പോലുള്ള സുരക്ഷിത മാർഗങ്ങളിലേക്ക് തിരിഞ്ഞതോടെ രാജ്യാന്തര വില 29 ഡോളർ ഉയർന്ന് 4017.51 ഡോളറിൽ എത്തി. വിപണിയിലെ നിക്ഷേപകരുടെ ആത്മവിശ്വാസം സൂചിപ്പിക്കുന്ന ‘സൈക്കോളജിക്കൽ’ നിലവാരം വീണ്ടെടുക്കാനായത് സ്വർണത്തിന് അനുകൂല ഘടകമാണ്.
എന്നിരുന്നാലും, എണ്ണവിലയിലെ വർധനവും യുദ്ധസാഹചര്യങ്ങളും വിപണിയിൽ വലിയ വെല്ലുവിളികൾ ഉയർത്തുമെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കേരളത്തിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് 60 രൂപ കൂടി 10,795 രൂപയിലെത്തി.
വെള്ളിയുടെ വിലയിൽ വ്യാപാരി സംഘടനകൾ വ്യത്യസ്ത നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) ഇന്നലത്തെ നിരക്കായ ഗ്രാമിന് 230 രൂപയിൽ വ്യാപാരം തുടരുമ്പോൾ, കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (KGSMA) വില 5 രൂപ വർധിപ്പിച്ച് 235 രൂപയാക്കി നിശ്ചയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

