തീർഥാടന നഗരമായ ഗുരുവായൂരിൽ ഒളിവ് കേന്ദ്രമാക്കി ക്രിമിനൽ സംഘങ്ങൾ താവളമടിക്കുന്നതായി വ്യാപക പരാതി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഗുരുവായൂർ പരിസരത്ത് രണ്ട് കൊലപാതകങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
സാമൂഹ്യവിരുദ്ധരുടെ ശല്യം വർധിച്ചതോടെ ഭക്തജനങ്ങൾ വലിയ ആശങ്കയിലാണ്. ഗുരുവായൂരിലെ കൊലപാതക പരമ്പര കഴിഞ്ഞ 9-ാം തീയതിയാണ് ക്ഷേത്ര ദർശനത്തിനെത്തി പരിസരത്ത് താമസിച്ചിരുന്ന സന്താനവല്ലി (76) എന്ന വയോധികയെ കിണറ്റിൽ കല്ലുകെട്ടി താഴ്ത്തി കൊലപ്പെടുത്തിയ സംഭവം നടന്നത്.
ഈ കേസിൽ പിടിയിലായ സുരേഷ് (55), പെരുമ്പാവൂരിൽ അടിപിടിക്കേസിൽ ഉൾപ്പെട്ട ശേഷം ഇവിടെയെത്തി ഒളിവുജീവിതം നയിക്കുകയായിരുന്നു.
സമാനമായ രീതിയിൽ, കഴിഞ്ഞ ഏപ്രിൽ 27-ന് ശ്രീകൃഷ്ണ സ്കൂളിന് എതിർവശത്ത് പാതയോരത്ത് കിടന്നുറങ്ങുകയായിരുന്ന കട്ടപ്പന സ്വദേശി ധനേഷ്കുമാർ (55) കൊല്ലപ്പെട്ടിരുന്നു. ഈ കേസിലെ പ്രതിയായ കുന്നംകുളം പന്തല്ലൂർ സ്വദേശി ഷൺമുഖൻ മുൻപും കൊലക്കേസുകളിൽ ഉൾപ്പെട്ട
വ്യക്തിയാണ്. ക്ഷേത്രപരിസരത്ത് താവളമടിച്ചായിരുന്നു ഇയാളുടെ പ്രവർത്തനം.
അധികൃതരുടെ നിസംഗത പൊതുസ്ഥലങ്ങളിലും ബസ് സ്റ്റാൻഡുകളിലും സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം പതിവായിരിക്കുകയാണ്. മദ്യപിച്ച് ബഹളമുണ്ടാക്കുന്നതും ഭക്തരെയും സ്ത്രീകളെയും ഉപദ്രവിക്കുന്നതും നിത്യസംഭവമാകുന്നു.
ഇത്തരക്കാരെ തിരിച്ചറിയുന്നതിനോ നിയമനടപടികൾ സ്വീകരിക്കുന്നതിനോ നഗരസഭയോ ദേവസ്വമോ പൊലീസോ തയാറാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ക്ഷേത്രപരിസരത്ത് താമസിക്കുന്നവരുടെ റജിസ്റ്റർ തയാറാക്കുക, അർഹരായവർക്ക് മാത്രം സൗജന്യ ഭക്ഷണം ലഭ്യമാക്കുക, ജോലി ചെയ്യുന്നവർക്ക് പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കുക തുടങ്ങിയ നിർദേശങ്ങൾ നടപ്പിലാക്കാൻ അധികൃതർ തയാറാകുന്നില്ല.
പൊലീസ് നടപടിക്കെതിരെ പ്രതിഷേധം വയോധികയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് സ്വീകരിച്ച നടപടികൾ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്. പ്രതിയുടെ മൊഴി പൊലീസ് മാധ്യമ പ്രവർത്തകരുടെ ഗ്രൂപ്പിൽ പങ്കുവെച്ചത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കി.
വയോധികയുടെ മൃതദേഹം കിണറ്റിൽനിന്ന് പുറത്തെടുക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതും മൃതദേഹത്തോടുള്ള അനാദരവായി വിലയിരുത്തപ്പെടുന്നു. ടെംപിൾ പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി നിയമവിരുദ്ധവും ധാർമികതയ്ക്ക് നിരക്കാത്തതുമാണെന്നാണ് ഉയരുന്ന വിമർശനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

