വിതുരയിലെ പേപ്പാറ അക്വേഷ്യ പ്ലാന്റേഷനിൽ ജോലി ചെയ്തിരുന്ന അതിഥിത്തൊഴിലാളിക്ക് പാമ്പ് കടിയേറ്റു. ഒഡീഷ സ്വദേശിയായ ബാലഭദ്രയ്ക്കാണ് പാമ്പ് കടിയേറ്റത്.
ഇന്ന് രാവിലെ 7.15-ഓടെയാണ് സംഭവം നടന്നത്. തുടർന്ന് സഹപ്രവർത്തകർ ഇദ്ദേഹത്തെ ഉടൻ തന്നെ വിതുര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.
പ്രാഥമിക ചികിത്സയ്ക്കും ആന്റിവെനം നൽകിയതിനും ശേഷം വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ നിർദ്ദേശിച്ചു. ഈ സമയത്ത് 108 ആംബുലൻസിന്റെ സേവനം ലഭ്യമാക്കാൻ ശ്രമിച്ചെങ്കിലും, രാവിലെ 8 മണിക്ക് മുൻപ് സേവനം നൽകാൻ സാധിക്കില്ലെന്ന മറുപടിയാണ് അധികൃതരിൽ നിന്ന് ലഭിച്ചതെന്ന് പരാതി ഉയർന്നു.
ആശുപത്രിയിലുണ്ടായിരുന്ന ആംബുലൻസിന്റെ സേവനം ലഭ്യമാക്കാൻ ശ്രമിച്ചെങ്കിലും, ഡ്രൈവർമാർ അവധിയിലായതിനാൽ അതും ലഭ്യമായില്ല. ഇതേത്തുടർന്ന് ബന്ധപ്പെട്ടവർ ഒടുവിൽ ഒരു സ്വകാര്യ വാഹനത്തിൽ രോഗിയെ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോവുകയായിരുന്നു.
നിലവിൽ 108 ആംബുലൻസിന്റെ പ്രവർത്തനം രാവിലെ 8 മുതൽ രാത്രി 8 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ സേവനം ലഭ്യമാക്കാറുണ്ടെങ്കിലും ഇത്തവണ അത് ലഭിച്ചില്ലെന്നാണ് ഉയരുന്ന ആക്ഷേപം.
അതേസമയം, സംഭവത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും രോഗിക്ക് ആവശ്യമായ വിദഗ്ധ ചികിത്സ ഉറപ്പാക്കിയെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു. 108 ആംബുലൻസിന്റെ സേവനം 12 മണിക്കൂറിൽ നിന്ന് 24 മണിക്കൂറാക്കി ഉയർത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്തിന് കത്തു നൽകിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

