തൊടുപുഴയിൽ കെഎസ്ആർടിസി നേരിടുന്ന രൂക്ഷമായ ടയർ ക്ഷാമം പൊതുഗതാഗതത്തെ കാര്യമായി ബാധിച്ചിരിക്കുന്നു. ആവശ്യത്തിന് ടയറുകൾ ലഭ്യമല്ലാത്തതിനെത്തുടർന്ന് വിവിധ ഡിപ്പോകളിൽ ബസുകൾ നിരത്തിലിറങ്ങാൻ കഴിയാതെ കട്ടപ്പുറത്തായ അവസ്ഥയിലാണ്.
ഓരോ ഡിപ്പോയിലും രണ്ട് മുതൽ നാല് വരെ ബസുകളാണ് ഇത്തരത്തിൽ സർവീസ് മുടങ്ങി കിടക്കുന്നത്. നിലവിൽ തേയ്മാനം സംഭവിച്ച ടയറുകളുമായി ഭൂരിഭാഗം ബസുകളും സർവീസ് നടത്തുന്നത് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്.
പ്രത്യേകിച്ച് ഹൈറേഞ്ച് റൂട്ടുകളിൽ കൂടുതൽ യാത്രക്കാരുമായി തേഞ്ഞ ടയറുകളിൽ സഞ്ചരിക്കുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്ന് ജീവനക്കാർ ആശങ്കപ്പെടുന്നു. മഴക്കാലത്ത് ടയറുകൾക്ക് ഗ്രിപ്പ് ലഭിക്കാത്തതും ബ്രേക്ക് ചെയ്യുമ്പോൾ വാഹനം നിയന്ത്രണം വിട്ടുപോകാനുള്ള സാധ്യതയും വലിയ ദുരന്തങ്ങൾക്കാണ് വഴിയൊരുക്കുകയെന്ന് ഡ്രൈവർമാർ മുന്നറിയിപ്പ് നൽകുന്നു.
നിലവിൽ ഒരു ബസിലെ ടയർ അഴിച്ചുമാറ്റി മറ്റൊന്നിൽ ഘടിപ്പിച്ചാണ് താൽക്കാലികമായി സർവീസുകൾ ക്രമീകരിക്കുന്നത്. ആലുവ യൂണിറ്റ് കേന്ദ്രീകരിച്ചായിരുന്നു റീസോൾ ചെയ്ത ടയറുകൾ വിവിധ ഡിപ്പോകളിലേക്ക് വിതരണം ചെയ്തിരുന്നത്.
എന്നാൽ, ഇപ്പോൾ റീസോൾ ചെയ്ത ടയറുകൾ ലഭ്യമല്ലാത്തതിനാൽ റീബെൽറ്റ് ചെയ്ത ടയറുകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് അധികൃതർ.
ഇത് യാത്രാ സുരക്ഷയെ കാര്യമായി ബാധിക്കുമെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു. സാധാരണയായി 20,000 മുതൽ 40,000 കിലോമീറ്റർ വരെ ഓടിയ ടയറുകളാണ് റീസോളിങ്ങിനായി അയക്കാറുള്ളത്.
കെഎസ്ആർടിസിയുടെ നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് പുതിയ ടയറുകൾ നിർബന്ധമില്ലെന്നും, മറിച്ച് റീസോൾ ചെയ്ത ടയറുകൾ കൃത്യമായി ലഭ്യമാക്കണമെന്നുമാണ് ജീവനക്കാരുടെ പ്രധാന ആവശ്യം. പ്രിയദർശിനി ബസുകൾ കൂടി എത്തിയതോടെ യാത്രക്കാരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ടയർ ക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്നും, സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച് റീസോൾ ചെയ്ത ടയറുകൾ ലഭ്യമാക്കാൻ കെഎസ്ആർടിസി അധികൃതരും സർക്കാരും അടിയന്തര നടപടി സ്വീകരിക്കണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

