കർണാടകയിലെ ബണ്ട്വാളിൽ പട്ടാപ്പകൽ യുവതിക്ക് നേരെ ക്രൂരമായ ആക്രമണം. ബിസി റോഡിലുള്ള കെഎസ്ആർടിസി പുതിയ ബസ് സ്റ്റാൻഡിൽ വെച്ച് നടന്ന കൊലപാതകത്തിൽ ബണ്ട്വാൾ ഉലിഗ്രാം സ്വദേശിനിയും കല്ലഡ്കയിലെ സ്വകാര്യ നഴ്സിങ് ഹോം ജീവനക്കാരിയുമായ ലാവണ്യ (21) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിന് ശേഷം ഒളിവിൽ പോയ ബെൽത്തങ്ങാടി ഒഡിൽനാല സ്വദേശി ചേതൻ എന്നയാൾക്കായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ജൂലൈ 16, 2026 വൈകിട്ട് ആറുമണിയോടെ ബസ് കാത്തുനിൽക്കുകയായിരുന്ന ലാവണ്യക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
പ്രതി കൈവശമുണ്ടായിരുന്ന ബാഗിൽ നിന്ന് കൊടുവാൾ പുറത്തെടുത്തതോടെ യുവതി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, പിന്തുടർന്നെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവതിയെ ഉടൻ തന്നെ ബണ്ട്വാൾ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.
ആക്രമണത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്. കൊലപാതകത്തിന് ശേഷം ആയുധം സംഭവസ്ഥലത്ത് ഉപേക്ഷിച്ചാണ് പ്രതി കടന്നുകളഞ്ഞത്.
ബണ്ട്വാൾ സബ് ഡിവിഷനിലെ മുതിർന്ന ഉദ്യോഗസ്ഥരും ടൗൺ പോലീസ് ഇൻസ്പെക്ടറും ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. പ്രദേശത്ത് പോലീസ് കാവൽ ശക്തമാക്കിയിട്ടുണ്ട്.
കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച വിവരങ്ങൾ അറിവായിട്ടില്ലെന്നും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

