വണ്ണപ്പുറം മേഖലയിലെ വെൺമറ്റം, ദർഭത്തൊട്ടി, തൊമ്മൻകുത്ത് തുടങ്ങിയ പ്രദേശങ്ങളിൽ ബിഎസ്എൻഎൽ നെറ്റ്വർക് സംവിധാനം പൂർണ്ണമായും തകരാറിലായത് ജനജീവിതത്തെ ദുസ്സഹമാക്കുന്നു. നിരന്തരമായുണ്ടാവുന്ന സാങ്കേതിക തടസ്സങ്ങൾ കാരണം നിലവിലുള്ള ബിഎസ്എൻഎൽ കണക്ഷനുകൾ ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണ് നാട്ടുകാർ.
അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഗുരുതരമായ അനാസ്ഥയാണ് പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തതിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. മേഖലയിലെ സർക്കാർ ഓഫീസുകളുടെയും ബാങ്കുകളുടെയും പ്രവർത്തനം നെറ്റ്വർക് തകരാർ മൂലം ഏറെക്കുറെ സ്തംഭിച്ച അവസ്ഥയിലാണ്.
അപേക്ഷകർക്ക് ലഭിക്കേണ്ട സേവനങ്ങൾ യഥാസമയം പൂർത്തീകരിക്കാൻ സർക്കാർ ജീവനക്കാർക്ക് സാധിക്കുന്നില്ല.
പലപ്പോഴും ടവറിന് സമീപത്ത് നിൽക്കുമ്പോൾ പോലും ഫോണുകൾ ‘പരിധിക്ക് പുറത്താണ്’ എന്ന് കാണിക്കുന്നത് സ്ഥിതിയുടെ ഗൗരവം വർദ്ധിപ്പിക്കുന്നു. ബിഎസ്എൻഎൽ സിം ഉപയോഗിക്കുന്നവർക്ക് ഒന്നിലധികം തവണ വിളിച്ചാൽ മാത്രമാണ് കോളുകൾ കണക്ട് ആകുന്നത്.
സംഭാഷണത്തിനിടെ കോൾ തടസ്സപ്പെടുന്നത് പതിവ് സംഭവമായി മാറിയിരിക്കുന്നു. വിനോദസഞ്ചാര കേന്ദ്രങ്ങൾ ഏറെയുള്ള വണ്ണപ്പുറം പ്രദേശങ്ങളിൽ അത്യാഹിതങ്ങൾ സംഭവിച്ചാൽ പോലും പുറംലോകത്തെ അറിയിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി അധികൃതർക്ക് നിരവധി പരാതികൾ സമർപ്പിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ബന്ധപ്പെട്ട
ഉദ്യോഗസ്ഥരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചാലും പ്രതികരണം ലഭിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഈ വിഷയത്തിൽ ഇടുക്കി എംപി അടിയന്തരമായി ഇടപെട്ട് ശാശ്വതമായ പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ശക്തമായ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

