ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് (എൻആർഇജിഎ) പകരമായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച വികസിത് ഭാരത് ഗാരന്റി ഫോർ റോസ്ഗർ ആൻഡ് അജീവിക മിഷൻ (വിബി ജി റാംജി) നടപ്പിലാക്കുന്നതോടെ തൊഴിലാളികൾക്ക് ലഭിക്കേണ്ട തൊഴിൽ ദിനങ്ങളിൽ വലിയ കുറവുണ്ടാകുമെന്ന് വിലയിരുത്തൽ.
എൻആർഇജിഎ പ്രകാരം 365 ദിവസത്തിനുള്ളിൽ 100 തൊഴിൽ ദിനങ്ങൾ ഉറപ്പുനൽകിയിരുന്ന സ്ഥാനത്ത്, പുതിയ പദ്ധതിയിൽ 125 തൊഴിൽ ദിനങ്ങൾ ലഭിക്കുമെന്ന അവകാശവാദം പ്രായോഗികമല്ലെന്നാണ് തൊഴിലാളി സംഘടനാ പ്രതിനിധികളുടെ പക്ഷം. പദ്ധതിയിലെ പ്രധാനപ്പെട്ട
നിയന്ത്രണം കാർഷികവൃത്തിയുടെ കാലയളവിൽ ഏർപ്പെടുത്തിയിട്ടുള്ള 60 ദിവസത്തെ ഒഴിവാണ്. ഈ 60 ദിവസങ്ങൾ ഏതെന്ന് തീരുമാനിക്കാനുള്ള അധികാരം അതത് സംസ്ഥാനങ്ങൾക്കാണ്.
ഉത്തരേന്ത്യയിലെ വലിയ ഭൂവുടമകൾക്ക് കൃഷിക്കാലത്ത് കുറഞ്ഞ ചെലവിൽ തൊഴിലാളികളെ ലഭ്യമാക്കാനാണ് ഈ നിയന്ത്രണമെന്ന ആക്ഷേപവും ഇതിനകം ഉയർന്നിട്ടുണ്ട്. ശേഷിക്കുന്ന 305 ദിവസങ്ങളിൽ 125 തൊഴിൽ ദിനങ്ങൾ ഉറപ്പാക്കാൻ കഴിയില്ലെന്ന് തൊഴിലാളി പ്രതിനിധികൾ ചൂണ്ടിക്കാട്ടുന്നു.
അവിദഗ്ധ തൊഴിലാളികളുടെ ഭാവിയും ആശങ്കയിൽ
പുതിയ പദ്ധതി അവിദഗ്ധ തൊഴിലാളികൾക്ക് തിരിച്ചടിയാകുമെന്ന പരാതിയും ശക്തമാണ്. തൊഴിലിൽ വൈദഗ്ധ്യം നിർബന്ധമാക്കുന്നതോടെ നിലവിലുള്ള പലരും പദ്ധതിക്ക് പുറത്താകാൻ സാധ്യതയുണ്ട്.
കൂടാതെ, ശാരീരിക ക്ഷമതയും മാനദണ്ഡമാക്കുന്ന സാഹചര്യത്തിൽ, 50 വയസ്സിന് മുകളിലുള്ള തൊഴിലാളികളുടെ തൊഴിൽ സുരക്ഷിതത്വവും ചോദ്യം ചെയ്യപ്പെടുന്നു. പ്രവൃത്തികളുടെ പട്ടികയും പഞ്ചായത്തുകളുടെ അധികാരവും
എൻആർഇജിഎയിലെ 266 ജോലി ഇനങ്ങൾക്ക് പകരമായി 318 ഇനങ്ങൾ പുതിയ പദ്ധതിയിലുണ്ടെങ്കിലും, അതിൽ ഭൂരിഭാഗവും മെറ്റീരിയൽ വർക്കുകളാണ്.
കേരളത്തിൽ വ്യാപകമായിരുന്ന മൺകയ്യാല, മഴക്കുഴി നിർമാണം തുടങ്ങിയവ പുതിയ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. പദ്ധതി നടത്തിപ്പിൽ പഞ്ചായത്തുകൾക്ക് ഉണ്ടായിരുന്ന അധികാരം പുതിയ സംവിധാനത്തോടെ ഇല്ലാതാകുകയാണ്.
മുൻപ് ഗ്രാമസഭകളുടെ നിർദേശപ്രകാരം പഞ്ചായത്തുകൾക്ക് തൊഴിലുകൾ തീരുമാനിക്കാൻ സാധിച്ചിരുന്നു. എന്നാൽ ഇനി മുതൽ പഞ്ചായത്തുകൾക്ക് അനുവദിക്കുന്ന വിഹിതം അനുസരിച്ച് മാത്രമേ തൊഴിൽ ദിനങ്ങൾ നിശ്ചയിക്കാൻ കഴിയൂ.
കേന്ദ്ര വിഹിതത്തിന് പുറമെ പഞ്ചായത്തുകൾ സ്വന്തം നിലയ്ക്ക് തൊഴിൽ നൽകിയിരുന്ന രീതിയും ഇതോടെ അവസാനിക്കും. ഡിജിറ്റൽ സംവിധാനങ്ങൾ സൃഷ്ടിക്കുന്ന പ്രതിസന്ധി
പദ്ധതി കൂടുതൽ സുതാര്യമാക്കാൻ ബയോമെട്രിക് ഹാജർ സംവിധാനം ഏർപ്പെടുത്തിയെങ്കിലും, ഇത് ഇന്റർനെറ്റ് സൗകര്യമില്ലാത്ത ഉൾപ്രദേശങ്ങളിൽ പ്രായോഗികമല്ലെന്ന് തൊഴിലാളികൾ പറയുന്നു.
ജിപിഎസ് മൊബൈൽ മോണിറ്ററിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ആസൂത്രണം തുടങ്ങിയ സാങ്കേതിക വിദ്യകൾ പുതിയ പദ്ധതിയുടെ ഭാഗമായി അവതരിപ്പിക്കുമ്പോൾ, ഗ്രാമീണ മേഖലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത വലിയൊരു വെല്ലുവിളിയായി തുടരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

