ഫുട്ബോൾ മൈതാനത്ത് എതിരാളികളെ അമ്പരപ്പിക്കുന്ന വേഗതയും ഗോളടി മികവും കൊണ്ട് വിസ്മയം തീർക്കുന്ന ഫ്രഞ്ച് നായകൻ കിലിയൻ എംബാപ്പേ, കളിക്കളത്തിന് പുറത്തും തൻ്റെ മാതൃകാപരമായ നിലപാടുകളിലൂടെ ശ്രദ്ധേയനാവുകയാണ്. റയൽ മാഡ്രിഡ് താരമായ എംബാപ്പേ, തനിക്ക് ലഭിക്കുന്ന ദേശീയ ടീം പ്രതിഫലം മുഴുവനായും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി നീക്കിവെക്കുന്നു എന്നത് കായിക ലോകത്തെ അത്ഭുതപ്പെടുത്തുന്ന കാര്യമാണ്.
2018 മുതൽ ഫ്രാൻസ് ദേശീയ ടീമിനായി കളിക്കുമ്പോൾ ലഭിക്കുന്ന മാച്ച് ഫീസും ബോണസുകളും താരം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റാറില്ല. മാരകമായ രോഗങ്ങളുമായി പൊരുതുന്ന കുട്ടികളുടെ ചികിത്സയ്ക്കും അവരുടെ ക്ഷേമത്തിനുമായാണ് ഈ തുക പ്രധാനമായും ഉപയോഗിക്കുന്നത്.
2018-ലെ ലോകകപ്പ് വിജയത്തിലൂടെ ലഭിച്ച 3.5 കോടിയിലധികം രൂപയുടെ ബോണസ് തുക മുഴുവൻ അർഹരായവർക്ക് കൈമാറി താരം അന്ന് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. രാജ്യത്തിനായി കളിക്കുന്നത് സാമ്പത്തിക നേട്ടത്തിനല്ലെന്നും, അഭിമാനം കൊണ്ടാണ് താൻ ജേഴ്സി അണിയുന്നതെന്നും എംബാപ്പേ ഇതിനുമുമ്പും വ്യക്തമാക്കിയിട്ടുണ്ട്.
“രാജ്യത്തിനായി കളിക്കുന്നത് സാമ്പത്തിക ലാഭത്തിനല്ല, മറിച്ച് രാജ്യത്തോടുള്ള സ്നേഹവും അഭിമാനവും കൊണ്ടാണ്. അതുകൊണ്ട് ഈ പണം എനിക്ക് ആവശ്യമില്ലെന്ന് എംബാപ്പെ മുമ്പ് വ്യക്തമാക്കിയിട്ടുണ്ട്.” ക്ലബ് ഫുട്ബോളിൽ നിന്ന് വൻ തുക പ്രതിഫലമായി വാങ്ങുമ്പോഴും, ദേശീയ ടീമിൻ്റെ കാര്യത്തിൽ താരം എടുക്കുന്ന ഈ നിലപാട് വലിയൊരു മാതൃകയാണ്.
ടീമിലെ സഹപ്രവർത്തകരെയും സപ്പോർട്ട് സ്റ്റാഫിനെയും ചേർത്തുപിടിക്കുന്നതിലും എംബാപ്പേ മുൻപന്തിയിലുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥർക്കും മറ്റു ജീവനക്കാർക്കും സ്വന്തം കൈയിൽ നിന്ന് വിലപിടിപ്പുള്ള പാരിതോഷികങ്ങൾ നൽകാനും അദ്ദേഹം മടിക്കാറില്ല.
കളിക്കളത്തിലെ പ്രകടനത്തിനപ്പുറം മാനുഷിക മൂല്യങ്ങൾക്കും കാരുണ്യത്തിനും മുൻഗണന നൽകുന്നതിലൂടെ താരം കായിക ലോകത്തിന് തന്നെ വലിയൊരു മാതൃകയായി മാറുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

