പുന്നപ്ര സാഗര സഹകരണ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ രോഗിയുടെ ബന്ധു ക്രൂരമായി മർദ്ദിച്ചതായി പരാതി. പറവൂർ പുത്തൻപറമ്പിൽ പി.ജ്യോതിമോനെ (46) ആണ് ആശുപത്രി വളപ്പിൽ വെച്ച് ആക്രമിച്ചത്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. ആശുപത്രിയിൽ ചികിത്സയിലുള്ള രോഗിയുടെ ബന്ധു നോ പാർക്കിങ് മേഖലയിൽ വാഹനം പാർക്ക് ചെയ്യാൻ ശ്രമിക്കുന്നത് ജ്യോതിമോൻ തടഞ്ഞിരുന്നു.
ഇതാണ് അക്രമിയെ പ്രകോപിപ്പിച്ചത്. തർക്കത്തിനിടെ കാർ ഓടിച്ചു ജ്യോതിമോനെ ഇടിപ്പിക്കാൻ പ്രതി ശ്രമിച്ചെങ്കിലും, ജ്യോതിമോൻ ഒഴിഞ്ഞുമാറിയതിനാൽ വലിയൊരു അപകടം ഒഴിവായി.
ഇതിനുശേഷം വാഹനം മാറ്റി പാർക്ക് ചെയ്ത് മടങ്ങിയെത്തിയ അക്രമി ജ്യോതിമോനെ മർദ്ദിക്കുകയായിരുന്നു. ആക്രമണത്തിൽ ജ്യോതിമോന്റെ തോളെല്ലുകൾക്കും വലതു കൈവിരലുകൾക്കും പരുക്കേറ്റു.
സംഭവസ്ഥലത്ത് അവശനായി വീണ ജ്യോതിമോനെ സഹപ്രവർത്തകർ ഉടൻ തന്നെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
പരുക്കേറ്റ ജ്യോതിമോൻ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആശുപത്രി അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പുന്നപ്ര പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

