കോഴിക്കോട് ജില്ലയിൽ സജീവമായിരുന്ന ലഹരി മരുന്ന് വിൽപന സംഘത്തിലെ പ്രധാന കണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തു. മരുതോങ്കര സ്വദേശിയായ കീർത്തന ആണ് പിടിയിലായത്.
ജില്ലയിലെ റൂറൽ മേഖലകൾ കേന്ദ്രീകരിച്ച് എംഡിഎംഎ അടക്കമുള്ള രാസലഹരി വസ്തുക്കൾ വിതരണം ചെയ്യുന്ന സംഘത്തിന്റെ സാമ്പത്തിക കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് ഇവർ ആയിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഘത്തിന്റെ പ്രവർത്തനം ഏറെ ആസൂത്രിതമായിരുന്നു.
ലഹരി മരുന്നുകൾ ആവശ്യമായവർ തുക കീർത്തനയുടെ ബാങ്ക് അക്കൗണ്ടിലേക്ക് അയക്കുകയാണ് പതിവ്. പണം ലഭിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം സംഘത്തിലെ മറ്റൊരു അംഗം ലഹരി വസ്തുക്കൾ ഉപഭോക്താക്കൾക്ക് കൈമാറും.
കീർത്തനയുടെ അക്കൗണ്ട് കേന്ദ്രീകരിച്ച് ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നിട്ടുള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഓപ്പറേഷൻ തൂഫാൻ എന്ന പേരിൽ പോലീസ് നടത്തിവരുന്ന പ്രത്യേക പരിശോധനയുടെ ഭാഗമായി കഴിഞ്ഞ ദിവസം രണ്ട് ഗ്രാം എംഡിഎംഎയുമായി യുവാവിനെ പിടികൂടിയിരുന്നു.
ഇയാളെ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചിരുന്ന കീർത്തനയെക്കുറിച്ച് സൂചന ലഭിച്ചത്. തുടർന്ന് വടകര പോലീസും ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ഡാൻസാഫ് സ്ക്വാഡും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പേരാമ്പ്രയിലെ വാടക വീട്ടിൽ നിന്നും പ്രതിയെ കസ്റ്റഡിയിൽ എടുത്തത്.
ലഹരി മരുന്ന് വാങ്ങുന്നതിനായി നൂറുകണക്കിന് ആളുകൾ കീർത്തനയുടെ അക്കൗണ്ടിലേക്ക് പണം അയച്ചിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. അക്കൗണ്ട് രേഖകൾ കൂടുതൽ പരിശോധിച്ച ശേഷം വരുംദിവസങ്ങളിൽ കർശനമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

