കൊല്ലം ജില്ലയിലെ പാരിപ്പള്ളിയിൽ വയോധികയുടെ വീടിന്റെ മതിൽ ഇടിച്ചുനിരത്തിയ സംഭവത്തിൽ നിയമനടപടികൾ സ്വീകരിക്കുന്നതിൽ പൊലീസ് അനാസ്ഥ കാണിക്കുന്നതായി പരാതി. പാമ്പുറം സ്വദേശിയായ വിജയമ്മയുടെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്.
വഴിത്തർക്കവുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
ഫെബ്രുവരി 9നാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയൽവാസിയായ സുനിൽ കുമാറും സംഘവും ചേർന്നാണ് മതിൽ തകർത്തതെന്ന് വിജയമ്മ ആരോപിക്കുന്നു.
സംഭവസ്ഥലത്ത് എത്തിയ സംഘം തിരിച്ചറിയാതിരിക്കാൻ മാസ്ക് ധരിച്ചിരുന്നു. മതിൽ തകർക്കുന്നതിനിടെ തന്നെ മർദ്ദിച്ചതായും വിജയമ്മ പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടും പ്രതികളെ പിടികൂടുന്നതിലോ തുടർനടപടികൾ സ്വീകരിക്കുന്നതിലോ പൊലീസ് വീഴ്ച വരുത്തുകയാണെന്ന് കുടുംബം ആരോപിക്കുന്നു. പ്രതികൾക്ക് ഉന്നത സ്വാധീനമുണ്ടെന്നും, ഇതിനാലാണ് നടപടികൾ മന്ദഗതിയിലാകുന്നതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
പ്രതികളുടെ നിരന്തരമായ ഭീഷണിയെത്തുടർന്ന് സ്വന്തം വീട്ടിൽ താമസിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് വിജയമ്മയും കുടുംബവും മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, ഈ സംഭവത്തിൽ തനിക്ക് പങ്കില്ലെന്നാണ് സുനിൽ കുമാർ വാദിക്കുന്നത്.
പാരിപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് പരാതിക്കാരുടെ പക്ഷം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

