തൃശൂർ ജില്ലയിലെ ദേശീയപാത 544-ൽ നിർമാണം അന്തിമഘട്ടത്തിൽ എത്തിനിൽക്കുന്ന മേൽപാലങ്ങളിൽ വൈദ്യുത വിളക്കുകൾ തെളിയാത്ത പ്രശ്നത്തിൽ കേന്ദ്രമന്ത്രിയും തൃശൂർ എംപിയുമായ സുരേഷ് ഗോപിയുടെ അടിയന്തര ഇടപെടൽ. മേൽപാലങ്ങളിലെ വൈദ്യുത വിളക്കുകൾ പ്രവർത്തിപ്പിക്കുന്നതിന് ആവശ്യമായ തുക കരാർ കമ്പനിക്ക് ദേശീയപാത അതോറിറ്റി (എൻഎച്ച്എഐ) നൽകാൻ തീരുമാനമായി.
പ്രതിസന്ധിയും പരിഹാരവും
പ്രസ്തുത വിഷയത്തിൽ കേന്ദ്രമന്ത്രിയുടെ ഓഫിസ് എൻഎച്ച്എഐ പ്രോജക്ട് ഡയറക്ടറുമായി നേരിട്ട് ബന്ധപ്പെട്ടതോടെയാണ് മാസങ്ങളായി തുടർന്നുവന്ന തടസ്സങ്ങൾക്ക് പരിഹാരമുണ്ടായത്. സാധാരണഗതിയിൽ കെഎസ്ഇബിയിലേക്കുള്ള വൈദ്യുതി നിരക്ക് അടയ്ക്കേണ്ടത് ദേശീയപാത അതോറിറ്റിയാണ്.
എന്നാൽ, നിർമാണം പൂർത്തിയാകും വരെ ഈ ബാധ്യത കരാർ കമ്പനികൾ വഹിക്കണമെന്ന നിർദ്ദേശമാണ് പ്രതിസന്ധിക്ക് കാരണമായത്. തുടർന്ന്, കരാർ കമ്പനികൾ വിളക്കുകളുടെ ഫ്യൂസ് ഊരി മാറ്റുകയായിരുന്നു.
എന്നാൽ, നിലവിൽ വൈദ്യുതി ബിൽ തുക നൽകാൻ എൻഎച്ച്എഐ തീരുമാനിച്ചതോടെ തെരുവുവിളക്കുകൾ ഉടൻ പ്രകാശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യാത്രക്കാരുടെ സുരക്ഷാ ആശങ്ക
കല്ലിടുക്ക്, മുടിക്കോട്, പേരാമ്പ്ര, മുരിങ്ങൂർ, ചിറങ്ങര തുടങ്ങിയ നിർമാണം പുരോഗമിക്കുന്ന മേൽപാലങ്ങളിലൂടെ ഗതാഗതം അനുവദിച്ചിട്ടുണ്ടെങ്കിലും, രാത്രികാലങ്ങളിൽ ഇവിടെ വലിയ സുരക്ഷാ ഭീഷണിയാണ് നിലനിൽക്കുന്നത്.
റോഡുകളിൽ ലൈൻ മാർക്കിങ്ങുകളും റിഫ്ലക്ടറുകളും പൂർണ്ണമായി സ്ഥാപിക്കാത്തതും അപകടസാധ്യത വർധിപ്പിക്കുന്നു. വാഹനങ്ങളുടെ ഹെഡ്ലൈറ്റ് വെളിച്ചം മാത്രമാണ് നിലവിൽ യാത്രക്കാർക്ക് ഏക ആശ്രയം.
പ്രത്യേകിച്ചും മഴയുള്ള സമയങ്ങളിൽ മേൽപാലങ്ങളിലൂടെയുള്ള യാത്ര അതീവ ദുഷ്കരമാണ്. കൂടാതെ, ഈ മേഖലകളിലെ സർവീസ് റോഡുകളും പലയിടത്തും ഇരുട്ടിലാവുകയും വഴുക്കുംപാറ മേൽപാലത്തിൽ ആവശ്യമായ തെരുവുവിളക്കുകൾ ഇനിയും സ്ഥാപിക്കാതെയും ഇരിക്കുന്ന സാഹചര്യം തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

