ദശാബ്ദങ്ങളോളം നീണ്ട സംഗീതസപര്യയ്ക്ക് വിരാമമിട്ട് പ്രിയഗായിക എസ്.
ജാനകി വിടവാങ്ങുമ്പോൾ സംഗീത പ്രേമികളുടെ മനസ്സിൽ നിറയുന്നത് ആയിരക്കണക്കിന് മധുരഗാനങ്ങളുടെ ഓർമ്മകളാണ്. രാജ്യത്തിനകത്തും പുറത്തുമായി നിരവധി വേദികളിൽ തന്റെ സ്വരമാധുരി പകർന്നെങ്കിലും, അവരുടെ സംഗീതജീവിതത്തിലെ അവസാന സ്റ്റേജ് പ്രോഗ്രാം നടന്നത് കോഴിക്കോട് നഗരത്തിലായിരുന്നു.
2016 ജനുവരി 23-ന് ടഗോർ സെന്റിനറി ഹാളിൽ നടന്ന ആ സംഗീതവിരുന്ന് ഇന്നും ആരാധകർക്ക് നൊമ്പരമുണർത്തുന്ന ഓർമ്മയാണ്. അന്ന് കോഴിക്കോട്ടെ ആസ്വാദകർക്കായി അഞ്ച് ശ്രദ്ധേയ ഗാനങ്ങളാണ് ജാനകിയമ്മ ആലപിച്ചത്: “സന്ധ്യേ കണ്ണീരിലെന്തേ…….”, “നാഥാ നീ വരും കലോച്ച കേൾക്കുവാൻ…….”, “അകലെ അകലെ നീലാകാശം…….”, “താനേ തിരിഞ്ഞും മറിഞ്ഞും…….”, “അവിടുന്നെൻ ഗാനം കേൾക്കാൻ………” എന്നിവയായിരുന്നു ആ വേദിയിൽ ഉയർന്നത്.
ലയൺസ് ക്ലബ് ഇന്റർനാഷണൽ 318 ഇ, നവതരംഗം, വോയ്സ് ഓഫ് കാലിക്കറ്റ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ‘മെലഡി നൈറ്റ്’ എന്ന ആ പരിപാടിയിൽ വെച്ച് ജാനകിയമ്മയ്ക്ക് ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം നൽകി ആദരിച്ചിരുന്നു. അന്തരിച്ച സംഗീത സംവിധായകൻ രാജാമണി നയിച്ച 20 അംഗ ഓർക്കസ്ട്രയും നടൻ മനോജ് കെ.
ജയൻ ഉൾപ്പെടെയുള്ളവരും പരിപാടിയിൽ പങ്കാളികളായി. ഗായിക അമ്പിളി, കോഴിക്കോട് സ്വദേശികളായ പി.കെ.
സുനിൽകുമാർ, സിന്ധു പ്രേംകുമാർ എന്നിവരും അന്ന് ഗാനങ്ങൾ ആലപിച്ചു. കോഴിക്കോടുമായി വലിയൊരു ആത്മബന്ധം തന്നെ ജാനകിയമ്മയ്ക്കുണ്ടായിരുന്നു.
സംഗീത സംവിധായകൻ എം.എസ്. ബാബുരാജിന്റെ നഗരം എന്ന നിലയിൽ ഇവിടെയുള്ള എന്ത് പരിപാടിക്ക് വിളിച്ചാലും സന്തോഷത്തോടെ അവർ എത്തിയിരുന്നു.
അന്ന് കോഴിക്കോട് സന്ദർശിച്ചപ്പോൾ മൂന്ന് ദിവസം നഗരത്തിൽ തങ്ങിയ അവർ, ഗായകൻ പി.കെ. സുനിൽകുമാറിന്റെ വീട്ടിലും താജ് ഹോട്ടലിലുമാണ് താമസിച്ചത്.
മിഥുൻ ഈശ്വറിന്റെ താരാട്ടുപാട്ടും അവസാന തീരുമാനവും
സിനിമയ്ക്കുവേണ്ടി ജാനകിയമ്മ അവസാനമായി പാടിയ ഗാനം കോഴിക്കോട് സ്വദേശിയായ സംഗീത സംവിധായകൻ മിഥുൻ ഈശ്വറിന്റെ ഈണത്തിലായിരുന്നു. ‘പത്തുകൽപനകൾ’ എന്ന ചിത്രത്തിനുവേണ്ടി റോയ് പുറമഠം എഴുതിയ ‘അമ്മപ്പൂ..’ എന്നു തുടങ്ങുന്ന താരാട്ടുപാട്ടായിരുന്നു അത്.
റെക്കോർഡിംഗിന് ശേഷം, “പാടിക്കൊണ്ടിരുന്നപ്പോൾ ഉള്ളിലിരുന്ന് കണ്ണൻ പറഞ്ഞു… ഇതുകൂടി മതി. ഇതാണു നിന്റെ അവസാന ഗാനം.
ഇനി പാടേണ്ട” എന്ന് ജാനകിയമ്മ വെളിപ്പെടുത്തിയിരുന്നു. പിന്നീട് പാട്ടുകൾ നിർത്താനുള്ള തീരുമാനത്തിൽ അവർ ഉറച്ചുനിന്നു.
ബാബുരാജിന്റെ പ്രിയ ഗായിക
എം.എസ്. ബാബുരാജ് ഈണം നൽകിയ 576 ഗാനങ്ങളിൽ 128 എണ്ണവും ജാനകിയമ്മയുടെ ശബ്ദത്തിലാണ് പിറന്നത്.
1963-ൽ പുറത്തിറങ്ങിയ ‘നിണമണിഞ്ഞ കാൽപാടുകൾ’ എന്ന ചിത്രത്തിലൂടെയായിരുന്നു ഇവരുടെ കൂട്ടുകെട്ടിന്റെ തുടക്കം. ‘തളിരിട്ട
കിനാക്കൾ തൻ…’, ‘വാസന്ത പഞ്ചമി നാളിൽ…’, ‘അഞ്ജനക്കണ്ണെഴുതി…’ തുടങ്ങിയ ഗാനങ്ങൾ ഇന്നും മലയാളി മനസ്സുകളിൽ മായാതെ നിൽക്കുന്നു. സംഗീത സംവിധായകൻ ബാബുരാജിന്റെ സംഗീതത്തിന്റെ ഭാവതലങ്ങൾ ഏറ്റവും മനോഹരമായി ആവാഹിക്കാൻ കഴിഞ്ഞ ഗായിക താൻ മാത്രമാണെന്ന് ജാനകിയമ്മ പലതവണ ഓർമ്മിച്ചിട്ടുണ്ട്.

