അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന വിവാദങ്ങൾക്കിടെ, കോൺഗ്രസ്, സമാജ്വാദി പാർട്ടി എന്നിവർക്കെതിരെ രൂക്ഷമായ വിമർശനവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. അയോധ്യയിൽ സംഘടിപ്പിച്ച പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ നിലപാടുകൾക്കെതിരെ അദ്ദേഹം ശക്തമായ ഭാഷയിൽ പ്രതികരിച്ചത്.
ഭക്തിയെക്കുറിച്ച് ഇപ്പോൾ സംസാരിക്കുന്നവർ, മുൻപ് അയോധ്യയിലെ ഹനുമാൻഗഢി ക്ഷേത്രത്തിന്റെ പടികളിൽ നിസ്കാരം നടത്തുന്നതിന് അവസരമൊരുക്കി നൽകിയവരാണെന്ന് യോഗി ആദിത്യനാഥ് ആരോപിച്ചു. “കോൺഗ്രസിനോ സമാജ്വാദി പാർട്ടിക്കോ എന്നെങ്കിലും ഒരു മസ്ജിദിനുള്ളിൽ ഹനുമാൻ ചാലിസ പാരായണം സംഘടിപ്പിക്കാൻ സാധിക്കുമോ? പിന്നെന്തിനാണ് അവർ അയോധ്യയിൽ അങ്ങനെയൊരു പാപം ചെയ്തത്” എന്ന് അദ്ദേഹം ചോദിച്ചു.
2003-ൽ മുലായം സിംഗ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാർട്ടി സർക്കാരിന്റെ കാലത്ത് ഹനുമാൻഗഢി ക്ഷേത്ര പരിസരത്ത് റംസാൻ പ്രാർത്ഥനകളും ഇഫ്താറും സംഘടിപ്പിക്കാൻ ശ്രമം നടന്നുവെന്ന ബി.ജെ.പിയുടെ പഴയ ആരോപണത്തെ ഓർമ്മിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. അയോധ്യയുടെ വികസന പ്രവർത്തനങ്ങളെ പ്രതിപക്ഷ പാർട്ടികൾ തുടർച്ചയായി എതിർത്തുവെന്നും പദ്ധതികളെ പരിഹസിക്കാൻ ശ്രമിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
അയോധ്യയിൽ ഒരു അന്താരാഷ്ട്ര വിമാനത്താവളം യാഥാർത്ഥ്യമാകുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വിമാനത്താവളത്തിന് മഹർഷി വാത്മീകിയുടെ പേര് നൽകിയതിൽ പോലും സമാജ്വാദി പാർട്ടി നേതാക്കൾക്ക് അതൃപ്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അയോധ്യയിലെ വികസന ക്രമക്കേടുകൾക്കെതിരെ ഉയരുന്ന ആരോപണങ്ങളെ പ്രതിരോധിക്കാൻ പ്രതിപക്ഷത്തെ കടന്നാക്രമിക്കുന്ന നയമാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

