നിർബന്ധിത തൊഴിൽ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 12.5% തീരുവ ചുമത്താനുള്ള അമേരിക്കൻ ഐക്യനാടുകളുടെ തീരുമാനത്തിനെതിരെ ഇന്ത്യ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. യുഎസ് വ്യാപാര പ്രതിനിധി (യുഎസ്ടിആർ) സംഘടിപ്പിച്ച തെളിവെടുപ്പ് നടപടികളിലാണ് ഇന്ത്യ ഔദ്യോഗികമായി തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്.
യുഎസ് ഭരണകൂടത്തിന്റെ ഈ നടപടി ഇരട്ടത്താപ്പാണെന്ന് തെളിവെടുപ്പിൽ പങ്കെടുത്ത വാണിജ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ബ്രിജ് മോഹൻ മിശ്ര ചൂണ്ടിക്കാട്ടി. യുഎസിൽ ഉൽപാദിപ്പിക്കാൻ സാധിക്കാത്ത ഏകദേശം 1,600 ഉൽപന്നങ്ങൾക്ക് തീരുവയിൽ നിന്ന് ഇളവ് നൽകിയ നടപടി തന്നെ ഇതിന് തെളിവാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഇത്തരം ഇളവുകൾ രാജ്യാന്തര വിപണന ശൃംഖലയിലെ നിർബന്ധിത തൊഴിലിന്റെ പ്രത്യാഘാതങ്ങൾ പരിഹരിക്കുക എന്ന ലക്ഷ്യത്തെ ദുർബലപ്പെടുത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ, യുഎസിൽ നിന്നുള്ള പരുത്തി ഉപയോഗിക്കുന്ന തുണിത്തരങ്ങൾക്ക് പ്രത്യേക ഇളവുകൾ അനുവദിക്കുന്നതിനെയും ഇന്ത്യ ചോദ്യം ചെയ്തു.
മറ്റു രാജ്യങ്ങളിലെ നിർമ്മാതാക്കൾ അസംസ്കൃത വസ്തുക്കൾ എവിടെ നിന്ന് വാങ്ങണമെന്നതിനെ സ്വാധീനിക്കുന്ന ഏകപക്ഷീയമായ നടപടിയാണിതെന്നും, ഇത് നിർബന്ധിത തൊഴിൽ പ്രശ്നത്തിന് ശാശ്വതമായ പരിഹാരമല്ലെന്നും ഇന്ത്യ നിരീക്ഷിച്ചു. ഈ തീരുവ വർധന ഇന്ത്യൻ കയറ്റുമതിക്കാരെ മാത്രമല്ല, ആത്യന്തികമായി അമേരിക്കൻ ഉപയോക്താക്കളെയും സാമ്പത്തികമായി പ്രതികൂലമായി ബാധിക്കുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) പ്രതിനിധി അഭിപ്രായപ്പെട്ടു.
ജൂൺ ആദ്യവാരമാണ്, നിർബന്ധിത തൊഴിലിലൂടെ ചെലവ് കുറച്ചുണ്ടാക്കുന്ന ഉൽപന്നങ്ങൾ തടയാൻ ഇന്ത്യയടക്കമുള്ള 54 രാജ്യങ്ങൾ പരാജയപ്പെട്ടെന്ന് ആരോപിച്ച് യുഎസ് 12.5% തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ചത്. യുഎസ് വ്യാപാരനിയമത്തിലെ 301–ാം വകുപ്പ് പ്രകാരം അധാർമിക വ്യാപാരരീതികൾ തടയാൻ തീരുവ ചുമത്താൻ അമേരിക്കയ്ക്ക് അധികാരുണ്ട്.
നിലവിൽ 10% എന്ന താൽക്കാലിക തീരുവയാണ് യുഎസ് ചുമത്തിയിരിക്കുന്നത്. ഇതിന്റെ കാലാവധി ഈ മാസം 24ന് അവസാനിക്കാനിരിക്കെയാണ് പുതിയ നീക്കങ്ങൾ നടക്കുന്നത്.
യുഎസിന് ആവശ്യമായ ഭക്ഷ്യ ഉൽപന്നങ്ങളെയും സെമികണ്ടക്ടറുകളെയും നിലവിലെ തീരുവയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

