നീലേശ്വരത്ത് നടക്കുന്ന ദേശീയപാത വികസന പ്രവൃത്തികളിലെ അശാസ്ത്രീയതയും പാരിസ്ഥിതിക ആഘാതങ്ങളും സംബന്ധിച്ച് ഉയർന്ന പരാതികളിൽ നടപടി സ്വീകരിക്കാൻ പൊതുമരാമത്ത് വകുപ്പ് സ്പെഷൽ സെക്രട്ടറിയുടെ നിർദേശം. ഹൈക്കോടതി അഭിഭാഷകനായ ഹരീഷ് വാസുദേവൻ സമർപ്പിച്ച പരാതിയിലാണ് അടിയന്തര ഇടപെടൽ ഉണ്ടായിരിക്കുന്നത്.
നീലേശ്വരം മാർക്കറ്റിനു സമീപമുള്ള പഴയ ദേശീയപാതയോടു ചേർന്നുകിടക്കുന്ന ജലപാത കരാറുകാർ നിയമവിരുദ്ധമായി മണ്ണിട്ടു നികത്തിയെന്നാണ് പ്രധാന ആരോപണം. പരിസ്ഥിതി സംരക്ഷണ നിയമങ്ങളും എൻഎച്ച് ആക്ടും കാറ്റിൽപറത്തിയാണ് ഈ നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു.
ഈ മേഖലയിലെ അശാസ്ത്രീയമായ നിർമാണം മൂലം പ്രദേശവാസികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ അടിയന്തര യോഗം വിളിച്ചുചേർക്കണമെന്നും, ഡിപിആർ പുനഃക്രമീകരിച്ച് ജലപാതയിലെ നീരൊഴുക്ക് പുനഃസ്ഥാപിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. നിർമാണത്തിലെ വീഴ്ചകൾ ഗൗരവമായി കാണണമെന്നും, ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള നാശനഷ്ടങ്ങൾക്ക് പൊതുമരാമത്ത് വകുപ്പും ദേശീയപാത അതോറിറ്റിയും പൂർണ ഉത്തരവാദികളായിരിക്കുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
പരാതിയിന്മേൽ വിശദമായ പരിശോധന നടത്തി ഉചിതമായ നടപടി സ്വീകരിക്കാൻ കാസർകോട് കലക്ടർക്കും ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർക്കും പൊതുമരാമത്ത് സ്പെഷൽ സെക്രട്ടറി നിർദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

