എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ ലഹരി മാഫിയ എന്ന് ആരോപിച്ച് മൂന്ന് യുവാക്കളെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിക്കുകയും പരസ്യമായി തലമൊട്ടയടിക്കുകയും ചെയ്തു. കണ്ടന്തറ ഭായിക്കോളനിക്ക് സമീപമുള്ള ഒരു സോഡ കമ്പനിയിൽ വെച്ചാണ് ദാരുണമായ സംഭവം അരങ്ങേറിയത്.
ഈ സംഭവത്തിൽ മുഖ്യസൂത്രധാരനായ ഷമീർ ഉൾപ്പെടെ ആറുപേരെ പൊലീസ് ഉച്ചയോടെ കസ്റ്റഡിയിലെടുത്തു. സംഭവം നടന്നത് ഇങ്ങനെ: സോഡ കമ്പനിയിലെ സൂപ്പർവൈസറുടെ നിർദ്ദേശപ്രകാരം ജോലി സംബന്ധമായ ആവശ്യത്തിനാണ് പെരുമ്പാവൂർ സ്വദേശികളായ ആൽവിൻ, അൽഫാസ്, ഗോകുൽ എന്നിവർ കമ്പനിയിലെത്തിയത്.
ഇവർക്ക് ഈ സ്ഥാപനത്തിൽ മുൻപ് ജോലി ചെയ്ത പരിചയമുണ്ടായിരുന്നു. വൈകുന്നേരം നാലരയോടെ കമ്പനിക്ക് മുന്നിലെത്തിയ അൽഫാസിനെയും ഗോകുലിനെയും ഷമീറും സംഘവും തടഞ്ഞുനിർത്തുകയും ലഹരി വിൽപ്പനക്കാരാണെന്ന് ആരോപിക്കുകയും ചെയ്തു.
മർദ്ദനത്തിന് പിന്നാലെ എത്തിയ ആൽവിനെയും ഇവർ ക്രൂരമായി കൈകാര്യം ചെയ്തു. തുടർന്ന് മൂവരെയും കമ്പനിക്കുള്ളിലെ തൊഴിലാളികൾ താമസിക്കുന്ന ഷെഡിലേക്ക് മാറ്റുകയും അവിടത്തെ താമസക്കാരനെ പുറത്താക്കി വാതിലടച്ച് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.
വടികൾ ഉപയോഗിച്ച് ആക്രമിച്ച ശേഷം ഇവരെ വലിച്ചിഴച്ച് റോഡിലേക്ക് കൊണ്ടുവന്നു. തുടർന്ന് സമീപത്തെ ബാർബർ ഷോപ്പിൽ നിന്ന് തൊഴിലാളിയെ വിളിച്ചുവരുത്തി യുവാക്കളുടെ തല മൊട്ടയടിപ്പിക്കുകയും ചെയ്തു.
സ്ഥലത്തുനിന്ന് രക്ഷപ്പെട്ട യുവാക്കൾ ബന്ധുക്കളെ വിവരമറിയിക്കുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
സംഭവത്തിൽ കണ്ടന്തറ സ്വദേശി ഷമീറിന്റെ നേതൃത്വത്തിൽ നടന്ന അതിക്രമത്തിന് കലാപമുണ്ടാക്കൽ, അന്യായമായി സംഘം ചേരൽ, മർദ്ദനം, തടഞ്ഞുവെക്കൽ എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായും നാളെ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് വ്യക്തമാക്കി.
മർദ്ദനത്തിനിരയായ ആൽവിൻ നേരത്തെ ലഹരി മരുന്ന് ഉപയോഗിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. നിയമം കൈയിലെടുക്കരുതെന്ന കർശന നിർദ്ദേശം നിലനിൽക്കെയാണ് പെരുമ്പാവൂരിൽ ഇത്തരം ഒരു സംഭവം ഉണ്ടായതെന്നത് ഗൗരവത്തോടെയാണ് അധികൃതർ കാണുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

