ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മറവിൽ മയക്കുമരുന്ന് വിതരണം നടത്തിവന്ന സംഘത്തിലെ മറ്റൊരു കണ്ണികൂടി പിടിയിലായി. എറണാകുളം കളമശ്ശേരിയിൽ നിന്നാണ് എഴുമറ്റൂർ സ്വദേശിയായ സുമിത് മോഹനനെ പോലീസ് അറസ്റ്റ് ചെയ്തത്.
നേരത്തെ, ലഹരി മരുന്നുമായി പിടിയിലായ ‘ആന്റി ഡ്രഗ്സ് മൂവ്മെന്റ്’ എന്ന വ്യാജ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ഷർഫിൻ സെബാസ്റ്റ്യന്റെ അടുത്ത സഹായിയാണ് ഇയാൾ. പെരുമ്പെട്ടി പോലീസ് നടത്തിയ അന്വേഷണത്തിൽ ഷർഫിൻ സെബാസ്റ്റ്യനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് സുമിത് മോഹനനെ കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചത്.
ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടാനായത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന്, സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ’ എന്ന പരിശോധനയുടെ ഭാഗമായാണ് ലഹരി വിരുദ്ധ സംഘടനയുടെ പേരിൽ പ്രവർത്തിച്ചിരുന്ന ഷർഫിൻ സെബാസ്റ്റ്യനെ ആദ്യം പോലീസ് പിടികൂടിയത്.
പെരുമ്പെട്ടി പോലീസും ഡാൻസാഫും സംയുക്തമായി നടത്തിയ റെയ്ഡിൽ ഇയാളിൽ നിന്ന് 1.5 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. പുസ്തകങ്ങൾക്കിടയിൽ അതീവ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി മരുന്ന് സൂക്ഷിച്ചിരുന്നത്.
ലഹരി ഉപയോഗിക്കാൻ സഹായിക്കുന്ന ഉപകരണങ്ങളും സംഭവസ്ഥലത്ത് നിന്ന് പിടിച്ചെടുത്തിരുന്നു. പ്രതികൾ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മറവിൽ നടത്തിയ മയക്കുമരുന്ന് ഇടപാടുകളെ കുറിച്ച് കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

