മംഗളൂരു സെൻട്രൽ – ഗോവ വന്ദേഭാരത് ട്രെയിൻ കോഴിക്കോട്ടേക്ക് ദീർഘിപ്പിക്കണമെന്ന ആവശ്യം വീണ്ടും സജീവമാകുന്നു. ഈ ആവശ്യം ഉന്നയിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചതോടെയാണ് വിഷയം ചർച്ചകളിൽ വീണ്ടും ഇടംപിടിച്ചത്.
നിലവിൽ ഈ ട്രെയിനിലെ യാത്രക്കാരുടെ എണ്ണം ശേഷിയുടെ 30 ശതമാനത്തിൽ താഴെയാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ 8.30-ന് മംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാത്രി 10.45-ന് തിരിച്ചെത്തുന്ന രീതിയിലാണ് നിലവിലെ ഷെഡ്യൂൾ ക്രമീകരിച്ചിരിക്കുന്നത്.
രാത്രി 10.45 മുതൽ പിറ്റേന്ന് രാവിലെ 8.30 വരെ ഈ ട്രെയിൻ മംഗളൂരു സ്റ്റേഷനിൽ ഉപയോഗശൂന്യമായി കിടക്കുകയാണ്. ഈ സമയം പ്രയോജനപ്പെടുത്തി ട്രെയിൻ കോഴിക്കോട്ടേക്ക് നീട്ടിയാൽ മലബാർ മേഖലയിലെ യാത്രക്കാർക്ക് വലിയ തോതിൽ പ്രയോജനം ലഭിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
ട്രെയിൻ സർവീസ് കോഴിക്കോട്ടേക്ക് നീട്ടുന്നത് പ്രായോഗികമാണെന്ന് കാണിച്ച് റെയിൽവേ ഉദ്യോഗസ്ഥർ നേരത്തെ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. യാത്രക്കാരുടെ എണ്ണം വർധിക്കുമെന്ന ബോധ്യത്തിൽ എംപിമാരും വിവിധ യാത്രക്കാരുടെ സംഘടനകളും റെയിൽവേയ്ക്ക് നിവേദനം നൽകിയിരുന്നു.
ട്രെയിൻ രാത്രിയിൽ നിർത്തിയിടാൻ കോഴിക്കോട് സ്റ്റേഷനിൽ സൗകര്യമുണ്ടെന്നതും, കൂടുതൽ ട്രെയിനുകൾ ഓടിക്കാൻ പാതയിൽ ശേഷിയുണ്ടെന്നതും ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിൽ അനുകൂല ഘടകങ്ങളായി ചൂണ്ടിക്കാട്ടിയിരുന്നു. റെയിൽവേ ബോർഡിന്റെ അനുമതി ലഭിക്കുന്നതിന്റെ തൊട്ടടുത്ത് എത്തിയെങ്കിലും അവസാന നിമിഷം പദ്ധതിയിൽ നിന്ന് പിന്മാറുകയായിരുന്നു.
ഈ ട്രെയിൻ സർവീസ് കോഴിക്കോട്ടേക്ക് നീട്ടുന്നത് വഴി കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലേക്ക് പോകുന്ന ധാരാളം മലയാളികൾക്കും, മംഗളൂരുവിലെ ആശുപത്രികളിൽ വിദഗ്ധ ചികിത്സ തേടിയെത്തുന്നവർക്കും വലിയ ആശ്വാസമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

