തിരുവനന്തപുരം തൈക്കാട് ശിശുക്ഷേമ സമിതിയിൽ വളർന്ന ഏഴ് വയസ്സുകാരിയെ ഇറ്റാലിയൻ ദമ്പതികൾ ദത്തെടുത്തു. സമിതിയിൽ നിന്നും കുഞ്ഞിനെ യാത്രയാക്കിയപ്പോൾ ആയമാരും ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ വികാരാധീനരായി.
‘മോളേ, നന്നായി പഠിക്കണം, എവിടെ ആയാലും ഞങ്ങളെ മറക്കരുത്’ എന്നായിരുന്നു കുട്ടിയെ യാത്രയാക്കുമ്പോൾ ആയമാർ നൽകിയ നിർദ്ദേശം. 2018 ഫെബ്രുവരിയിൽ വെറും 15 ദിവസം മാത്രം പ്രായമുള്ളപ്പോഴാണ് ഈ പെൺകുഞ്ഞിനെ ഉപേക്ഷിക്കപ്പെട്ട
നിലയിൽ കണ്ടെത്തുന്നത്. തുടർന്ന് തിരുവനന്തപുരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലേക്ക് കുട്ടി എത്തുകയായിരുന്നു.
ബന്ധുക്കൾ ഉണ്ടായിരുന്ന സാഹചര്യത്തിൽ ദത്തുനൽകൽ നടപടികൾക്ക് നിയമപരമായ തടസ്സങ്ങൾ നേരിട്ടിരുന്നു. സമിതി നടത്തിയ ശക്തമായ നിയമ പോരാട്ടത്തിനൊടുവിൽ കഴിഞ്ഞ വർഷം നവംബറിലാണ് ദത്തെടുക്കലിന് അനുകൂലമായ സാഹചര്യം ഒരുങ്ങിയത്.
ഇറ്റലിയിലെ ലൂക്ക സ്വദേശികളായ യാക്കോപ്പോ റുസോ, സാറാ ജോർജി എന്നിവരാണ് ഈ പെൺകുട്ടിയെ ദത്തെടുത്തിരിക്കുന്നത്. ബെംഗളൂരുവിലേക്ക് തിരിച്ച ഇവർ അവിടെനിന്ന് ഇറ്റലിയിലേക്ക് യാത്ര തിരിക്കും.
കലക്ടർ അനു കുമാരിയുടെ സാന്നിധ്യത്തിലാണ് ദത്തെടുക്കൽ നടപടികൾ പൂർത്തിയാക്കി കുട്ടിയെ ദമ്പതികൾക്ക് കൈമാറിയത്. കുട്ടിയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ അടയാളപ്പെടുത്തുന്ന ഫോട്ടോ ആൽബം സമിതി ജനറൽ സെക്രട്ടറി ജി.എൽ.അരുൺ ഗോപി ദമ്പതികൾക്ക് സമ്മാനിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

