ശാരീരിക പരിമിതികളെ അതിജീവിച്ച് പഠനത്തിൽ മികവ് പുലർത്തുന്ന മീനാക്ഷിക്ക്, തന്റെ ഇഷ്ടവിഷയമായ കമ്പ്യൂട്ടർ സയൻസിൽ പ്ലസ് ടു പഠനം തുടരാൻ വഴിയൊരുങ്ങി. ഇടപ്പള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലാണ് മീനാക്ഷിക്ക് പ്രവേശനം ലഭിച്ചിരിക്കുന്നത്.
പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയെങ്കിലും, തുടർപഠനത്തിന് അർഹമായ സൗകര്യങ്ങൾ ലഭിക്കുമോ എന്ന ആശങ്കയിലായിരുന്നു ഈ വിദ്യാർത്ഥിനി. ഈ സാഹചര്യത്തിലാണ് സർക്കാർ തലത്തിൽ അടിയന്തര ഇടപെടലുണ്ടായത്.
വിഷയത്തിൽ നേരിട്ട് ഇടപെട്ട മുഖ്യമന്ത്രിയും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും മീനാക്ഷിയുടെ പഠനം മുടങ്ങില്ലെന്ന് ഉറപ്പുനൽകി.
“മിടുക്കിയായി ഇരിക്കണം, പഠിച്ച് വലിയ ആളാകണം” എന്ന് ആശംസിച്ചുകൊണ്ട്, ഭിന്നശേഷി സൗഹൃദമായ പഠനാന്തരീക്ഷം സ്കൂളിൽ ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു. ഇടപ്പള്ളി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂളിൽ റാമ്പ് നിർമാണം ഉടൻ പൂർത്തിയാക്കും.
ഇതിനാവശ്യമായ അധിക തുക സർക്കാർ അനുവദിക്കും. കൂടാതെ, മീനാക്ഷിയുടെ സൗകര്യപ്രദമായ പഠനത്തിനായി ലബോറട്ടറി സംവിധാനങ്ങൾ താഴത്തെ നിലയിലേക്ക് മാറ്റാനും തീരുമാനമായിട്ടുണ്ട്.
തൃപ്പൂണിത്തുറ എംഎൽഎ ദീപക് ജോയ് വഴി ഇതിനാവശ്യമായ നിർദ്ദേശങ്ങൾ മുഖ്യമന്ത്രി നൽകി. “ഇത്രയും വേഗത്തിൽ എല്ലാ അധികൃതരും തനിക്കായി നടപടിയെടുക്കുമെന്ന് കരുതിയില്ലെന്നും ഒരുപാട് സന്തോഷമുണ്ടെന്നും” മീനാക്ഷി പ്രതികരിച്ചു.
“തന്റെ ഇഷ്ട വിഷയം പഠിക്കാൻ വേണ്ടി എല്ലാ മേഖലകളിലും അധികൃതർ നന്നായി ഇടപെട്ടതായും” മീനാക്ഷി കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ മേഖലയിൽ സമാനമായ പ്രതിസന്ധികൾ നേരിടുന്ന നിരവധി വിദ്യാർത്ഥികൾക്ക് ഇതൊരു വലിയ മാതൃകയാകുമെന്ന് മീനാക്ഷിയുടെ പിതാവും അഭിപ്രായപ്പെട്ടു. മുൻകാലങ്ങളിൽ ഭിന്നശേഷിയുള്ള കുട്ടികൾ ഇവിടെ പഠിച്ചിട്ടുണ്ടെങ്കിലും, കമ്പ്യൂട്ടർ സയൻസ് പോലുള്ള വിഷയങ്ങൾ തിരഞ്ഞെടുക്കാൻ മീനാക്ഷി കാണിച്ച നിശ്ചയദാർഢ്യം ഏവർക്കും പ്രചോദനമായി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

