കണ്ണൂർ ചിറക്കൽ പഞ്ചായത്തിലെ ആറാം വാർഡിൽ രാഘവൻനഗർ ഉന്നതിയിൽ താമസിക്കുന്ന 72 വയസ്സുള്ള പനയൻ രോഹിണിയുടെ ദുരിതപൂർണ്ണമായ ജീവിതത്തിന് പരിഹാരമാകുന്നു. ചോർന്നൊലിക്കുന്ന ഒറ്റമുറി വീട്ടിൽ തനിച്ചു താമസിക്കുന്ന രോഹിണിക്ക് അടച്ചുറപ്പുള്ള പുതിയൊരു ഭവനം നിർമ്മിച്ചു നൽകാൻ പരിയാരം കുളപ്പുറം മജ്ലിസുൽ റൗളത്തുൽ മഹുബ്ബിൻ ചാരിറ്റബിൾ ട്രസ്റ്റ് തയ്യാറായി.
കെ.വി.സുമേഷ് എംഎൽഎയുടെ നേതൃത്വത്തിലായിരിക്കും നിർമ്മാണ പ്രവർത്തനങ്ങൾ നടപ്പിലാക്കുക. രോഗാവസ്ഥയിലും ഒറ്റപ്പെടലിലും കഴിയുന്ന രോഹിണിയുടെ അവസ്ഥ സംബന്ധിച്ച് പുറത്തുവന്ന വാർത്തകളെ തുടർന്നാണ് സഹായവുമായി ട്രസ്റ്റ് രംഗത്തെത്തിയത്.
ട്രസ്റ്റ് ചെയർമാൻ ജാഫർ തവറുൽ ചിറമ്മേൽ, ലീഗൽ അഡ്വൈസർ ബി.ഷംനാദ് എന്നിവരാണ് വീട് നിർമ്മിച്ചു നൽകാനുള്ള സന്നദ്ധത അറിയിച്ചത്. വിഷയത്തിൽ ഇടപെട്ടുകൊണ്ട് കെ.വി.സുമേഷ് എംഎൽഎ, ചിറക്കൽ പഞ്ചായത്ത് പ്രസിഡന്റ് കെ.മോഹനൻ, വൈസ് പ്രസിഡന്റ് മോളി, പഞ്ചായത്ത് അംഗങ്ങളായ സി.സജിൻ, അജിത എന്നിവർ രോഹിണിയുടെ വസതി സന്ദർശിച്ചു.
നിലവിൽ അമ്മ പൊക്കിയുടെ പേരിലുള്ളതാണ് വീടിരിക്കുന്ന സ്ഥലം. രോഹിണിയുടെ സഹോദരങ്ങൾ മരണപ്പെട്ട
സാഹചര്യത്തിൽ, അവരുടെ അനന്തരാവകാശികളിൽ നിന്ന് ആവശ്യമായ അനുമതി പത്രങ്ങൾ വാങ്ങി നിർമ്മാണം വേഗത്തിലാക്കുമെന്ന് കെ.വി.സുമേഷ് എംഎൽഎ വ്യക്തമാക്കി. ഇതിനിടെ, കാട്ടാമ്പള്ളി കേന്ദ്രമായി പ്രവർത്തിക്കുന്ന ജി.കാർത്തികേയൻ ഫൗണ്ടേഷൻ പ്രതിനിധികളും രോഹിണിയുടെ വീട് സന്ദർശിക്കുകയും സഹായ വാഗ്ദാനം അറിയിക്കുകയും ചെയ്തിട്ടുണ്ട്.
ഫൗണ്ടേഷൻ ചെയർമാൻ ഷറഫുദ്ദീൻ കാട്ടാമ്പള്ളി, ദലിത് കോൺഗ്രസ് നേതാക്കളായ കാട്ടാമ്പള്ളി രാമചന്ദ്രൻ, പി.രാജീവൻ എന്നിവരും സംഘത്തിലുണ്ടായിരുന്നു. കൂടാതെ, രോഹിണിയുടെ ദുരിതജീവിതം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മഹാത്മ അയ്യങ്കാളി കലാസാംസ്കാരികവേദി പ്രസിഡന്റ് രാധാകൃഷ്ണൻ കടൂർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

