പാലാ നഗരസഭയുടെ നിയന്ത്രണത്തിലുള്ള കൊട്ടാരമറ്റം ബസ് സ്റ്റാൻഡ്, ഡിവൈഎഫ്ഐ ജില്ലാ സമ്മേളനത്തിനായി വിട്ടുനൽകാൻ കൗൺസിൽ എടുത്ത തീരുമാനത്തിൽ പ്രതിഷേധിച്ച് നഗരസഭാധ്യക്ഷയ്ക്കുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചു. ഇതുസംബന്ധിച്ച പ്രമേയം കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഐകകണ്ഠ്യേന പാസാക്കി.
പ്രമേയത്തിന്റെ പകർപ്പ് ഡിസിസി, ബ്ലോക്ക്, കെപിസിസി അധ്യക്ഷന്മാർക്ക് കൈമാറാൻ യോഗത്തിൽ തീരുമാനമായി. മണ്ഡലം പ്രസിഡന്റ് തോമസുകുട്ടി നെച്ചിക്കാട് അവതരിപ്പിച്ച പ്രമേയം, ഡിസിസി, ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ, വാർഡ് പ്രസിഡന്റുമാർ, നഗരസഭാ കൗൺസിലർമാർ എന്നിവർ പങ്കെടുത്ത യോഗത്തിൽ ചർച്ച ചെയ്താണ് അംഗീകരിച്ചത്.
കോൺഗ്രസിന്റെ 6 കൗൺസിലർമാരും, കോൺഗ്രസ് വിമതയായി വിജയിച്ച് നിലവിൽ വൈസ് ചെയർപഴ്സനായി തുടരുന്ന മായാ രാഹുലും യോഗത്തിൽ പങ്കെടുത്തു. കോൺഗ്രസിന്റെ പിന്തുണയോടെ അധികാരം നേടിയ ശേഷം സിപിഎമ്മുമായി ചേർന്ന് പ്രവർത്തിക്കുന്നത് രാഷ്ട്രീയ ധാർമികതയ്ക്ക് നിരക്കാത്തതാണെന്നും, പാർട്ടിയുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന നടപടികളാണ് സ്വതന്ത്ര മുന്നണിയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും യോഗം കുറ്റപ്പെടുത്തി.
അതേസമയം, കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പ്രമേയം മുഖവിലയ്ക്കെടുക്കുന്നില്ലെന്നും, ഔദ്യോഗിക നേതൃത്വം തീരുമാനിക്കട്ടെ എന്നുമായിരുന്നു സ്വതന്ത്ര മുന്നണി കൗൺസിലർ ബിനു പുളിക്കക്കണ്ടം പ്രതികരിച്ചത്. നഗരസഭയിലെ ഭരണപരമായ ധാരണകൾ സംസ്ഥാന, ജില്ലാ നേതൃത്വങ്ങളുടെ തലത്തിലുള്ളതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വിഷയത്തിൽ പ്രതികരിച്ച യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്, പ്രശ്നങ്ങൾ പരിഹരിച്ചതായും കെപിസിസി തലത്തിൽ വിഷയത്തിൽ ഇടപെടൽ ഉണ്ടാകുമെന്നും വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

