മലയാള ചലച്ചിത്ര ചരിത്രത്തിന്റെ ഭാഗമായിരുന്ന, ജവാഹർ നഗറിലെ കനക ശ്രീവത്സം എന്ന ഐതിഹാസിക വസതി പൂർണ്ണമായും പൊളിച്ചുനീക്കി. പ്രേംനസീർ ഉൾപ്പെടെയുള്ള അക്കാലത്തെ പ്രമുഖ സിനിമാ താരങ്ങളുടെയും സാംസ്കാരിക പ്രവർത്തകരുടെയും പ്രധാന സംഗമസ്ഥാനമായിരുന്നു അനശ്വര നടൻ തിക്കുറിശ്ശി സുകുമാരൻ നായർ താമസിച്ചിരുന്ന ഈ വീട്.
അദ്ദേഹത്തിന്റെ പുരസ്കാരങ്ങൾ സൂക്ഷിച്ചിരുന്ന ഈ ഭവനം ഉൾപ്പെടെ ഏകദേശം 30 സെന്റ് സ്ഥലത്തായിരുന്ന രണ്ട് വീടുകളാണ് നിലംപരിശാക്കിയത്. കനക ശ്രീവത്സം ഏറെക്കാലമായി കാടുപിടിച്ച് ഇഴജന്തുക്കളുടെ താവളമായി മാറിയിരുന്നു.
തുടർന്ന്, തിക്കുറിശ്ശി സുകുമാരൻ നായരുടെ പേരക്കിടാങ്ങളുടെ പേരിലുണ്ടായിരുന്ന ഈ വസ്തു സ്വകാര്യ കൺസ്ട്രക്ഷൻ കമ്പനി ഏറ്റെടുക്കുകയായിരുന്നു. ഇതിനുശേഷം കെട്ടിടങ്ങൾ പൂർണ്ണമായും ഇടിച്ചു നിരത്തുകയായിരുന്നു.
വീട് പൊളിച്ച സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കാണപ്പെടുന്ന, തിക്കുറിശ്ശി തന്നെ നേരിട്ട് നിർമ്മിച്ച ശിൽപങ്ങൾ സാംസ്കാരിക കേരളത്തിന് വലിയൊരു വേദനയാവുകയാണ്.
ഈ ചരിത്രസ്മാരകം സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് നാല് വർഷങ്ങൾക്ക് മുൻപ് വിവിധ സാംസ്കാരിക സംഘടനകൾ ശക്തമായി ആവശ്യപ്പെട്ടിരുന്നു. ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാൻ പ്രേംകുമാർ ഈ വിഷയത്തിൽ ഇടപെടുകയും വീട് ഏറ്റെടുക്കുന്നതിനായി പ്രത്യേക നീക്കങ്ങൾ നടത്തുകയും ചെയ്തിരുന്നു.
എന്നാൽ, ഒടുവിൽ അധികൃതരുടെ ഭാഗത്തുനിന്നുള്ള നടപടികൾ വൈകിയതോടെ മലയാള സിനിമയുടെ ഒരു വലിയ അധ്യായം കൂടിയാണ് ചരിത്രത്തിന്റെ ഭാഗമായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

