ഉത്തർപ്രദേശിലെ ആഗ്രയിൽ ഭർത്താവിനെ കൊലപ്പെടുത്തി മൃതദേഹം വീടിനുള്ളിലെ ശുചിമുറിയിൽ കുഴിച്ചുമൂടിയ സംഭവത്തിൽ ഭാര്യ റൂബി പോലീസ് പിടിയിലായി. സുരേന്ദ്ര കുമാർ ആണ് കൊല്ലപ്പെട്ടത്.
പ്രതിയായ ഭാര്യ റൂബി കുറ്റം സമ്മതിച്ചതായി പോലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പോലീസ് നൽകുന്ന വിവരങ്ങൾ ഇങ്ങനെ: മേയ് 18-നാണ് സുരേന്ദ്ര കുമാറിനെ കാണാതായത്.
ഭർത്താവ് പുറത്തുപോയതാണെന്നും ഉടൻ മടങ്ങിയെത്തുമെന്നും നാട്ടുകാരോടും ബന്ധുക്കളോടും റൂബി കള്ളം പറയുകയായിരുന്നു. തുടർന്ന് കാണാതായ വിവരം പോലീസിലും വീട്ടുകാരിലും അറിയിച്ചതും റൂബി തന്നെയായിരുന്നു.
മേയ് 26-നാണ് സംഭവത്തിൽ പോലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. അന്വേഷണം പുരോഗമിക്കവെ റൂബിയുടെ മൊഴികളിൽ വൈരുദ്ധ്യങ്ങൾ കണ്ടെത്തിയത് പോലീസിൽ സംശയമുണ്ടാക്കി.
ഇതിനിടെ, സുരേന്ദ്ര കുമാറിന്റെ സഹോദരൻ അനിൽ ശർമ ഇവർക്കെതിരെ പരാതിയുമായി രംഗത്തെത്തി. തുടർന്നുള്ള പരിശോധനയിലാണ് കേസിലെ വഴിത്തിരിവുണ്ടായത്.
പോലീസും ഫോറൻസിക് സംഘവും വീട് പരിശോധിച്ചപ്പോൾ ശുചിമുറിയിലെ തറയിൽ പുതുതായി ടൈലുകൾ പാകിയതായി ശ്രദ്ധയിൽപ്പെട്ടു. ഈ ടൈലുകൾ പൊളിച്ച് പരിശോധിച്ചപ്പോൾ സുരേന്ദ്ര കുമാറിന്റെ മൃതദേഹം കണ്ടെടുത്തു.
കൊലപാതകം നടന്നയുടനെ തന്നെ മൃതദേഹം മറവു ചെയ്ത് അതിനു മുകളിൽ ടൈലുകൾ പാകുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. മദ്യപാനത്തെ ചൊല്ലി ദമ്പതികൾക്കിടയിൽ നിരന്തരം വഴക്കുകൾ നടന്നിരുന്നുവെന്ന് അനിൽ ശർമ വെളിപ്പെടുത്തി.
പ്രതിക്ക് സംഭവത്തിൽ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. സുരേന്ദ്ര കുമാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി അയച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

