താരസംഘടനയായ അമ്മയിലെ ആഭ്യന്തര തർക്കങ്ങൾ പുതിയ തലങ്ങളിലേക്ക്. സംഘടനയിലെ ഒരു വിഭാഗം നടി ശ്വേത മേനോനെതിരെ കടുത്ത അതൃപ്തിയുമായി രംഗത്തെത്തിയിരിക്കുകയാണ്.
നടൻ രമേശ് പിഷാരടിയുമായുള്ള സ്വകാര്യ സംഭാഷണം പുറത്തുവിട്ടത് ക്രിമിനൽ നടപടിയാണെന്നാണ് സംഘടനയിലെ ഒരു വിഭാഗത്തിന്റെ വിലയിരുത്തൽ. സംഘടനയിൽ അധികാരക്കസേര ലക്ഷ്യമിട്ടാണ് ശ്വേത മേനോൻ പ്രവർത്തിക്കുന്നതെന്ന് നടി ഉഷ ഹസീന പരസ്യമായി വിമർശിച്ചു.
സംഘടനയെ പ്രതിസന്ധിയിലാക്കുന്ന നടപടികളാണ് ശ്വേതയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും, പാവപ്പെട്ട അംഗങ്ങളുടെ ശാപം അവരെ തേടിയെത്തുമെന്നും ഉഷ പറഞ്ഞു.
രമേശ് പിഷാരടിയുമായുള്ള സംഭാഷണം പുറത്തുവിട്ടതിനെ ക്രിമിനൽ കുറ്റമെന്ന് വിശേഷിപ്പിച്ച ഉഷ ഹസീന, ശ്വേത സംഘടനയിലേക്ക് വീണ്ടും തിരിച്ചെത്തിയാൽ താൻ അടക്കമുള്ളവർ സംഘടനയിൽ തുടരില്ലെന്നും വ്യക്തമാക്കി. അതേസമയം, അഡ്ഹോക്ക് കമ്മിറ്റി കൺവീനർ സ്ഥാനത്തുനിന്ന് രമേശ് പിഷാരടി രാജിവെച്ചു.
സംഘടനയെ കോടതി കയറ്റാൻ താൽപ്പര്യമില്ലെന്ന് വ്യക്തമാക്കിയ രമേശ് പിഷാരടി, ഓഡിയോ പുറത്തുവിട്ട സംഭവത്തിൽ അതീവ വേദന പ്രകടിപ്പിച്ചു.
ഓഡിയോ ചോർന്നതല്ല, മറിച്ച് മനഃപൂർവം പുറത്തുവിട്ടതാണെന്നും അതിലെ വ്യക്തതയിൽ നിന്ന് തന്നെ അത് വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏതെങ്കിലും അധികാര സ്ഥാനങ്ങളിൽ കടിച്ചുതൂങ്ങാൻ തനിക്ക് താല്പര്യമില്ലെന്ന് പറഞ്ഞ പിഷാരടി, ശ്വേത മേനോൻ ഉന്നയിച്ച അഴിമതി ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും ആരോപണം ഉന്നയിക്കുന്നവർ അത് തെളിയിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രശ്നങ്ങൾ പരിഹരിക്കാനാണ് താൻ ശ്രമിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ, അഞ്ച് ക്ലയന്റുകളിൽ നിന്ന് പണം കൈപ്പറ്റിയതുമായി ബന്ധപ്പെട്ട് തനിക്ക് അറിവുണ്ടെന്ന് ശ്വേത മേനോൻ ഓഡിയോയിൽ പറഞ്ഞിരുന്നു.
സംഘടനയിലെ അഴിമതിയാരോപണങ്ങളിൽ കൂടുതൽ തെളിവുകൾ വരുംദിവസങ്ങളിൽ പുറത്തുവിട്ടേക്കുമെന്നാണ് സൂചനകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

