കോഴിക്കോട് ജില്ലയിൽ മാംസവിലയിൽ വർധന വരുത്താൻ തീരുമാനം. ജൂലൈ 15 മുതൽ പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.
ഓൾ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ ജനറൽ ബോഡി യോഗത്തിലാണ് ഇതുസംബന്ധിച്ച നിർണായക തീരുമാനമെടുത്തത്. പുതിയ നിരക്കുകൾ പ്രകാരം എല്ലോട് കൂടിയ ഇറച്ചിക്ക് കിലോയ്ക്ക് 400 രൂപയും, എല്ലില്ലാത്ത ഇറച്ചിക്ക് 460 രൂപയുമാണ് വില.
നിലവിൽ യഥാക്രമം 340 രൂപയും 360 രൂപയുമാണ് ഈ ഇനങ്ങൾക്ക് ഈടാക്കുന്നത്. അനിവാര്യമായ ഈ വിലവർധനയോട് പൊതുജനങ്ങൾ സഹകരിക്കണമെന്ന് അസോസിയേഷൻ അഭ്യർത്ഥിച്ചു.
വില വർധനയ്ക്കുള്ള കാരണങ്ങൾ വിശദീകരിച്ചുകൊണ്ട് ഓൾ കേരള മീറ്റ് മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ടി.കെ.സാദിഖ് സംസാരിച്ചു. കേരളത്തിലും സമീപ സംസ്ഥാനങ്ങളിലും കന്നുകാലികളുടെ വിലയിൽ ഉണ്ടായ അനിയന്ത്രിതമായ വർധനയും, മാംസ വ്യാപാര മേഖലയിലെ ഉപ ഉൽപന്നങ്ങളായ തുകൽ, എല്ല്, നെയ്യ് എന്നിവയുടെ വിപണിയിലുണ്ടായ വിലയിടിവുമാണ് ഈ തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ.പി. മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു.
സംസ്ഥാന ജോയിന്റ് സെക്രട്ടറി ജംഷീർ, ജില്ലാ സെക്രട്ടറി അബ്ദുൽ ഗഫൂർ, ട്രഷറർ ഇസഹാക്ക് മൂഴിക്കൽ എന്നിവർ സംസാരിച്ചു. അബ്ദുൽ ഹമീദ്, റഊഫ് പൊറ്റമ്മൽ, അഷറഫ് കടലുണ്ടി, നാസർ കല്ലായി, മനാഫ് പന്നിയങ്കര, നൗഫൽ പറമ്പത്ത്, ലിബാസ് തടമ്പാട്ടുതാഴം തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

