ഫോർട്ട്കൊച്ചിയിലെയും പരിസരപ്രദേശങ്ങളിലെയും ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി മെട്രോ റെയിൽ ശൃംഖല തോപ്പുംപടി വഴി ഫോർട്ട്കൊച്ചിയിലേക്ക് നീട്ടണമെന്ന ആവശ്യം വ്യാപകമാകുന്നു. പൊതുജനങ്ങളും വിവിധ സംഘടനകളും സമൂഹമാധ്യമങ്ങളിലൂടെ ഈ ആവശ്യം ശക്തമായി ഉന്നയിച്ചു കഴിഞ്ഞു.
ടൂറിസം വികസനവും ഗതാഗത തിരക്കും
ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി, തോപ്പുംപടി, വില്ലിങ്ഡൻ ദ്വീപ് മേഖലകൾ വലിയൊരു ടൂറിസം, ഹോസ്പിറ്റാലിറ്റി ഹബ്ബായി മാറിക്കൊണ്ടിരിക്കുകയാണ്. നിലവിൽ ഈ ഭാഗങ്ങളിൽ ഉയരുന്ന ഷോപ്പിങ് മാളുകൾ, പഞ്ചനക്ഷത്ര ഹോട്ടലുകൾ, കൺവൻഷൻ സെന്ററുകൾ എന്നിവമൂലം റോഡുകളിലെ തിരക്ക് അതീവ ഗുരുതരമായിട്ടുണ്ട്.
ബിഒടി പാലം കഴിഞ്ഞുള്ള ജംക് ഷനുകളിലെ വർധിച്ചുവരുന്ന തിരക്കും, ഹാർബർ പാലത്തിന് സമീപം അന്തിമഘട്ടത്തിലെത്തിയ ഷോപ്പിങ് മാൾ നിർമാണവും ഗതാഗത തടസ്സങ്ങളെ രൂക്ഷമാക്കുന്നു. തേവര, വെണ്ടുരുത്തി, തോപ്പുംപടി പാലങ്ങളിലും സമാനമായ അവസ്ഥയാണ് നിലനിൽക്കുന്നത്.
മെട്രോയുടെ പ്രസക്തി
ലക്ഷക്കണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന ഫോർട്ട്കൊച്ചി, മട്ടാഞ്ചേരി ഭാഗങ്ങളിലേക്ക് മെട്രോ എത്തുന്നത് വിമാനത്താവളം, റെയിൽവേ സ്റ്റേഷൻ, എറണാകുളം നഗരം എന്നിവിടങ്ങളിൽ നിന്ന് നേരിട്ടുള്ള ഗതാഗത സൗകര്യം ഉറപ്പാക്കും. കുമ്പളങ്ങി, ചെല്ലാനം, ഇടക്കൊച്ചി, പള്ളുരുത്തി നിവാസികൾക്ക് പുറമെ, കൊച്ചി തുറമുഖം, നേവൽ ബേസ് എന്നിവിടങ്ങളിലെ ജീവനക്കാർക്കും ഇത് വലിയ ആശ്വാസമാകും.
സാധ്യതാ പഠനങ്ങൾക്കായി നിർദേശം
നിലവിൽ ലഭ്യമായ മെട്രോ ബോട്ട് സർവീസുകളെ റെയിൽ ശൃംഖലയുമായി സംയോജിപ്പിക്കുക എന്നതാണ് ഇതിന്റെ മറ്റൊരു നേട്ടം. വൈറ്റില – കുണ്ടന്നൂർ – തേവര – വില്ലിങ്ഡൻ ദ്വീപ് – തോപ്പുംപടി – ഫോർട്ട്കൊച്ചി റൂട്ടിലും, പനമ്പിള്ളി നഗർ വഴി തോപ്പുംപടിയിലേക്കും മെട്രോ ശൃംഖല വ്യാപിപ്പിക്കാൻ സാധ്യതാ പഠനം നടത്തണമെന്ന നിർദേശവും ഉയരുന്നുണ്ട്.
മെട്രോ റെയിൽ പദ്ധതിയുടെ നാലാം ഘട്ടത്തിൽ തോപ്പുംപടിയെയും ഫോർട്ട്കൊച്ചിയെയും ഉൾപ്പെടുത്താൻ സർക്കാർ അടിയന്തരമായി തീരുമാനമെടുക്കണമെന്നാണ് ജനങ്ങളുടെ പ്രധാന ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

