സംസ്ഥാനത്തെ സ്വർണവിപണിയിൽ കനത്ത വിലത്തകർച്ച. രാജ്യാന്തര വിപണിയിലുണ്ടായ തിരിച്ചടികൾ കേരളത്തിലെ സ്വർണവിലയിലും പ്രതിഫലിക്കുകയാണ്.
ഇന്ന് മാത്രം ഗ്രാമിന് 165 രൂപ കുറഞ്ഞ് 12,845 രൂപയിലും, പവന് 1320 രൂപ ഇടിഞ്ഞ് 1,02,760 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം പവന് 2800 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്.
നിലവിലെ വിപണിയിലെ ട്രെൻഡ് തുടരുകയാണെങ്കിൽ പവൻ വില ഒരു ലക്ഷം രൂപയ്ക്ക് താഴേക്ക് എത്തിയേക്കും. ഈ വിലയിടിവ് 85,000 രൂപ മുതൽ 90,000 രൂപ വരെയുള്ള നിലവാരത്തിലേക്ക് നീങ്ങിയാലും അത്ഭുതപ്പെടാനില്ലെന്ന് വിതരണക്കാർ സൂചിപ്പിക്കുന്നു.
പണപ്പെരുപ്പവും ഡോളറിലെ മാറ്റങ്ങളും രാജ്യാന്തര തലത്തിൽ യുഎസ്-ഇറാൻ സംഘർഷം തുടരുന്നത് പണപ്പെരുപ്പത്തിന് വഴിയൊരുക്കുമെന്ന ആശങ്ക സാമ്പത്തിക വിദഗ്ധർ പങ്കുവെക്കുന്നുണ്ട്. ഈ വർഷം മൂന്ന് തവണ യുഎസ് ഫെഡ് റിസർവ് പലിശ നിരക്ക് ഉയർത്തുമെന്ന പ്രതീക്ഷയിൽ ഡോളറിന്റെ വിനിമയ നിരക്ക് ശക്തിപ്പെട്ടതാണ് സ്വർണവില താഴാൻ പ്രധാന കാരണം.
ഡോളർ മൂല്യം ഉയരുമ്പോൾ മറ്റ് കറൻസികളിൽ സ്വർണം വാങ്ങുന്നതിനുള്ള ചെലവ് വർധിക്കുകയും നിക്ഷേപകർ സുരക്ഷിത നിക്ഷേപമായ സ്വർണത്തിൽ നിന്ന് പിന്മാറുകയും ചെയ്യുന്നത് പതിവാണ്. കൂടാതെ, വരും ദിവസങ്ങളിൽ പുറത്തുവരാനിരിക്കുന്ന യുഎസ് തൊഴിൽ കണക്കുകളും വിപണിയെ സ്വാധീനിക്കുന്നുണ്ട്.
രാജ്യാന്തര വിപണിയിലെ പ്രതിസന്ധി കഴിഞ്ഞ ദിവസം രാജ്യാന്തര വിപണിയിൽ ഔൺസിന് 4017.60 ഡോളറിൽ ക്ലോസ് ചെയ്ത സ്വർണത്തിന് ഇന്ന് മൂന്ന് ശതമാനത്തോളം ഇടിവുണ്ടായി. ഒരു ഘട്ടത്തിൽ 3948 ഡോളർ വരെ എത്തിയെങ്കിലും പിന്നീട് 3969 ഡോളറിലേക്ക് വില തിരിച്ചുകയറി.
തുടർച്ചയായ രണ്ടാമത്തെ ആഴ്ചയാണ് സ്വർണം 4000 ഡോളറിന് താഴെ തുടരുന്നത്. 2008 ഒക്ടോബറിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ ഇടിവിനാണ് വിപണി സാക്ഷ്യം വഹിക്കുന്നത്.
2013-ന് ശേഷമുള്ള ഏറ്റവും വലിയ ത്രൈമാസ തകർച്ചയിലേക്കാണ് സ്വർണം നീങ്ങുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. നിക്ഷേപകർ ശ്രദ്ധിക്കാൻ നിലവിലെ വിലയിടിവ് സ്വർണം വാങ്ങാനുള്ള അവസരമാണോ എന്ന ആശയക്കുഴപ്പത്തിലാണ് പലരും.
യുഎസ് തൊഴിൽ കണക്കുകളായിരിക്കും സ്വർണത്തിന്റെ വരുംദിവസങ്ങളിലെ ഗതി നിശ്ചയിക്കുക. പണപ്പെരുപ്പ ഭീഷണി ഒഴിഞ്ഞാൽ സ്വർണം ഔൺസിന് 4150 ഡോളർ എന്ന നിലയിലേക്ക് തിരിച്ചെത്തിയേക്കും.
എങ്കിലും നിക്ഷേപകർ തിരക്കിട്ട് തീരുമാനങ്ങൾ എടുക്കരുതെന്നാണ് വിദഗ്ധരുടെ നിർദ്ദേശം. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഇന്ത്യക്കാർ ഏകദേശം 50,000 കിലോ സ്വർണം വിറ്റഴിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ആഭരണങ്ങളുടെ പുതിയ വില സ്വർണവിലയിലെ കുറവ് ആഭരണങ്ങളുടെ വിപണി വിലയിലും പ്രതിഫലിച്ചു. നിലവിൽ പത്ത് ശതമാനം പണിക്കൂലിയും നികുതിയും ചേർത്ത് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,16,500 രൂപ നൽകിയാൽ മതിയാകും.
ആഭരണങ്ങളുടെ രൂപകൽപ്പനയ്ക്കനുസരിച്ച് പണിക്കൂലിയിൽ മാറ്റങ്ങൾ ഉണ്ടാകാം. 18 കാരറ്റ് സ്വർണം 130 രൂപ കുറഞ്ഞ് 10,615 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
വെള്ളി വില ഗ്രാമിന് 5 രൂപ കുറഞ്ഞ് 235 രൂപയായും നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. നിരാകരണം
ഈ ലേഖനം ഓഹരി, കടപ്പത്രം, മ്യൂച്വൽ ഫണ്ട്, ക്രിപ്റ്റോകറൻസി, ഐപിഒ, സ്വർണം മുതലായവ വാങ്ങാനോ വിൽക്കാനോ ഉള്ള നിർദേശമോ ഉപദേശമോ അല്ല.
ഇത്തരത്തിലുള്ള നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുൻപ് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

