വയനാട് അമ്പലവയൽ കൃഷി വിജ്ഞാന കേന്ദ്രത്തിൽ കർഷകർക്കായി അനുവദിച്ച ഫണ്ട് വകമാറ്റി ചെലവഴിച്ചതായി പരാതി. കുരുമുളക് വള്ളികൾ ഉൽപാദിപ്പിക്കുന്നതിനായി 2021-ൽ അനുവദിച്ച 40 ലക്ഷം രൂപയാണ് പദ്ധതിയുമായി ബന്ധമില്ലാത്ത ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തത്.
കർഷകർക്ക് ഗുണമേന്മയുള്ള കുരുമുളക് തൈകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി, ലക്ഷങ്ങൾ ചെലവഴിച്ചിട്ടും യാതൊരുവിധ ഫലവും നൽകിയില്ലെന്നാണ് പ്രധാന ആരോപണം. പദ്ധതിക്കായി അനുവദിച്ച തുക ഉപയോഗിച്ച് ഓഫീസിലേക്ക് റഫ്രിജറേറ്റർ വാങ്ങിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
പദ്ധതിയുമായി യാതൊരു ബന്ധവുമില്ലാത്ത റഫ്രിജറേറ്ററിൽ പദ്ധതിയുടെ പേര് രേഖപ്പെടുത്തിയ ശേഷം ഓഫീസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. കൂടാതെ, ഓഫീസിന്റെ പ്രവേശന കവാടത്തിൽ പദ്ധതിയുമായി ബന്ധമില്ലാത്ത ബോർഡുകൾ സ്ഥാപിക്കുന്നതിനും ഈ തുക വിനിയോഗിച്ചു.
വർഷങ്ങൾ പിന്നിട്ടിട്ടും കോൺക്രീറ്റ് കാലുകൾ നിർമിക്കുക എന്നതല്ലാതെ, ഒരു കുരുമുളക് തൈ പോലും ഉൽപാദിപ്പിക്കാൻ അധികൃതർക്ക് സാധിച്ചിട്ടില്ല. തൈകൾ ഉൽപാദിപ്പിക്കുന്നതിന് പകരം ലക്ഷങ്ങളുടെ വള്ളികൾ പുറത്തുനിന്നും ഇറക്കുമതി ചെയ്തതിലും അഴിമതി നടന്നതായി സംശയിക്കുന്നു.
പദ്ധതിയുടെ ഭാഗമായി കർഷകർക്ക് നൽകേണ്ട പരിശീലന പരിപാടികളിലും ക്രമക്കേടുകൾ നടന്നതായി ആക്ഷേപമുണ്ട്.
ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് മീനങ്ങാടി സ്വദേശി എം.ജെ.അനീഷ് വിജിലൻസ് ഡപ്യുട്ടി സൂപ്രണ്ടിന് പരാതി നൽകി. ഫണ്ട് ദുരുപയോഗം ചെയ്തതിലും പദ്ധതി നടത്തിപ്പിലുമുണ്ടായ ഗുരുതരമായ വീഴ്ചകൾക്കെതിരെ കർശന നടപടി വേണമെന്നാണ് കർഷക സംഘടനകളുടെയും ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

