കൊടുവള്ളിയിലെ ജീവിതസാഹചര്യങ്ങൾ വീണ്ടും കരുപ്പിടിപ്പിക്കാൻ സേലം സ്വദേശിയായ പളനി സ്വാമി ഒരുങ്ങുന്നു. കഴിഞ്ഞ 26 വർഷമായി നഗരത്തിൽ ഉന്തുവണ്ടിയിൽ പൂളപ്പൊരി കച്ചവടം നടത്തിവരികയായിരുന്ന ഇദ്ദേഹത്തിന്, റോഡ് വികസനത്തിന്റെ ഭാഗമായി ഉപജീവനമാർഗം വഴിമുട്ടിയിരുന്നു.
കൊടുവള്ളി–കിഴക്കോത്ത് റോഡ് വീതികൂട്ടുന്നതിനായി വശങ്ങളിലെ മരങ്ങൾ മുറിച്ചുനീക്കിയതോടെയാണ് കച്ചവടം നിർത്താൻ അധികൃതർ നിർദേശിച്ചത്. ഇതര മാർഗങ്ങളില്ലാതെ പളനി സ്വാമി സ്വന്തം നാടായ സേലത്തേക്ക് മടങ്ങിയിരുന്നു.
ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പി.കെ.ഫിറോസ് എംഎൽഎ പളനി സ്വാമിയുമായി ഫോണിൽ ബന്ധപ്പെടുകയും, തുടർന്നും കച്ചവടം നടത്താനുള്ള സാഹചര്യം ഒരുക്കുമെന്നും കുട്ടികളുടെ വിദ്യാഭ്യാസത്തിന് ആവശ്യമായ പിന്തുണ നൽകുമെന്നും ഉറപ്പുനൽകി. ഇതിനുപുറമെ, നഗരസഭയിൽ ഉചിതമായ സ്ഥലം കണ്ടെത്തി കച്ചവടം തുടരാൻ അനുവദിക്കുമെന്ന് കൊടുവള്ളി നഗരസഭ ഉപാധ്യക്ഷൻ കെ.കെ.എ.ഖാദറും വ്യക്തമാക്കി.
ജനപ്രതിനിധികളുടെയും നഗരസഭാ അധികൃതരുടെയും അടിയന്തര ഇടപെടലിൽ പളനി സ്വാമി നന്ദി രേഖപ്പെടുത്തി. വിഷയത്തിൽ പിന്തുണയുമായി ഒപ്പമുണ്ടായിരുന്ന പൊതുപ്രവർത്തകൻ യൂനുസ് അമ്പലക്കണ്ടി, കൊടുവള്ളി സൈൻ ഡെന്റൽ ക്ലിനിക് എം.ഡി.
ഡോ. കെ.സൈനുദ്ദീൻ, ഫിഗർ ഹാരിസ്, പി.പി.നൗഫൽ തുടങ്ങിയവർക്കും അദ്ദേഹം കടപ്പാട് അറിയിച്ചു.
അധികൃതരുടെ ഉറപ്പ് ലഭിച്ചതോടെ അടുത്ത ദിവസം തന്നെ പളനി സ്വാമി കൊടുവള്ളിയിലേക്ക് തിരികെയെത്തും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

