ആഗോള ഓഹരി വിപണിയിൽ ഇന്ത്യ വീണ്ടും നിർണായക നേട്ടം കൈവരിച്ചിരിക്കുന്നു. ഏകദേശം ഒരു മാസം മുൻപ് കൈവിട്ടുപോയ ലോകത്തെ അഞ്ചാമത്തെ വലിയ ഓഹരി വിപണി എന്ന സ്ഥാനം ഇന്ത്യൻ വിപണി തിരികെപ്പിടിച്ചു.
കഴിഞ്ഞ മാസം തയ്വാൻ ഇന്ത്യയെ മറികടക്കുകയും ദക്ഷിണ കൊറിയ ഇന്ത്യയെ ആറാം സ്ഥാനത്തേക്ക് പിന്തള്ളുകയും ചെയ്തുകൊണ്ട് ഇന്ത്യ ഏഴാം സ്ഥാനത്തേക്ക് തള്ളപ്പെട്ടിരുന്നു. എന്നാൽ അതിവേഗത്തിലുള്ള തിരിച്ചുവരവിലൂടെയാണ് ഇന്ത്യ വീണ്ടും അഞ്ചാം സ്ഥാനത്ത് ഉറച്ചുനിൽക്കുന്നത്.
വിപണിയിലെ ഈ മാറ്റത്തിന് പിന്നിലെ കാരണങ്ങൾ കഴിഞ്ഞ മാസങ്ങളിൽ നിർമിതബുദ്ധി (എഐ) അധിഷ്ഠിത കമ്പനികളുടെ ഓഹരികളിൽ ഉണ്ടായ വൻ കുതിപ്പാണ് തയ്വാൻ, കൊറിയൻ വിപണികളെ റെക്കോർഡ് ഉയരത്തിലെത്തിച്ചത്. എന്നാൽ, നിക്ഷേപകർ ലാഭമെടുപ്പിന് മുതിർന്നതോടെ ഓഹരി വിലകളിൽ വലിയ ഇടിവുണ്ടായി.
ഈ സാഹചര്യം ആ രാജ്യങ്ങളുടെ വിപണി മൂല്യത്തെ പ്രതികൂലമായി ബാധിക്കുകയും ഇന്ത്യയ്ക്ക് മുന്നേറാനുള്ള അവസരം ഒരുക്കുകയുമായിരുന്നു. നിലവിൽ 5.05 ലക്ഷം കോടി ഡോളർ വിപണി മൂല്യവുമായാണ് ഇന്ത്യ അഞ്ചാം സ്ഥാനത്തുള്ളത്.
ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട തയ്വാന്റെ മൂല്യം 4.97 ലക്ഷം കോടി ഡോളറും, ഏഴാം സ്ഥാനത്തുള്ള ദക്ഷിണ കൊറിയയുടേത് 4.66 ലക്ഷം കോടി ഡോളറുമാണ്.
ഈ രണ്ട് രാജ്യങ്ങളുടെയും വിപണി മൂല്യം ഇപ്പോൾ 5 ലക്ഷം കോടി (5 ട്രില്യൻ) ഡോളറിന് താഴെയാണെന്നത് ശ്രദ്ധേയമാണ്. ലോകത്തിലെ ഏറ്റവും വലിയ വിപണി എന്ന സ്ഥാനം ഇപ്പോഴും യുഎസ് നിലനിർത്തുന്നു.
ചൈന രണ്ടാം സ്ഥാനത്തും, ജപ്പാൻ മൂന്നാമതും, ഹോങ്കോങ് നാലാമതുമാണ്. സമീപകാല പ്രവണതകൾ പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം, വർധിച്ചുവരുന്ന എണ്ണവില, പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകൾ, വിദേശ നിക്ഷേപത്തിലെ കുറവ് എന്നിവ കഴിഞ്ഞ മാസങ്ങളിൽ ഇന്ത്യൻ വിപണിക്ക് വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നു.
എന്നിരുന്നാലും, കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്ത്യൻ വിപണിയുടെ മൂല്യത്തിൽ 2.75% വർധനവുണ്ടായി. ഇതേ കാലയളവിൽ ദക്ഷിണ കൊറിയയുടേത് 4.7%-വും, തയ്വാന്റേത് 2.3%-വും ഇടിഞ്ഞു.
കൂടാതെ ജപ്പാൻ, ഹോങ്കോങ്, കാനഡ, യുകെ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളുടെ വിപണികളും ഈ കാലയളവിൽ നഷ്ടം നേരിട്ടു. 2026-ലെ വെല്ലുവിളികൾ അഞ്ചാം സ്ഥാനം തിരികെപ്പിടിച്ചെങ്കിലും, 2026-ൽ ഇന്ത്യൻ വിപണി കാര്യമായ സമ്മർദത്തിലാണ്.
ഈ വർഷം ഇതുവരെ വിപണി മൂല്യത്തിൽ 4.8% ഇടിവാണ് ഇന്ത്യ രേഖപ്പെടുത്തിയത്. എന്നാൽ ഇക്കാലയളവിൽ ദക്ഷിണ കൊറിയ 74%-വും, തയ്വാൻ 52%-വും വിപണി മൂല്യത്തിൽ കുതിപ്പ് നടത്തിയിട്ടുണ്ട്.
എഐ രംഗത്തെ കമ്പനികളുടെ ഓഹരികളിൽ വീണ്ടും മുന്നേറ്റമുണ്ടായാൽ ഇന്ത്യയുടെ അഞ്ചാം സ്ഥാനം ഭീഷണിയിലാകാൻ സാധ്യതയുണ്ട്. നിർമിതബുദ്ധി അധിഷ്ഠിത സാങ്കേതികവിദ്യകളിൽ ഇന്ത്യയ്ക്ക് നിലവിലുള്ള പരിമിതികൾ ഭാവിയിൽ വിപണിക്ക് വെല്ലുവിളിയായേക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

