പൂച്ചാക്കൽ: കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിന്റെ ടയർ ഓട്ടത്തിനിടെ ഊരിത്തെറിച്ചുണ്ടായ അപകടത്തിൽ വഴിയാത്രികന് പരുക്കേറ്റു. ഇന്നലെ രാവിലെ 6.20-ഓടെ ചേർത്തല- അരൂക്കുറ്റി റോഡിൽ നഗരി ധർമശാസ്താ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം നടന്നത്.
അരൂക്കുറ്റി -തിരുവനന്തപുരം റൂട്ടിൽ സർവീസ് നടത്തുന്ന ഫാസ്റ്റ് പാസഞ്ചർ ബസിന്റെ ഡ്രൈവർ വശത്തെ ടയറുകളിലൊന്നാണ് സാങ്കേതിക തകരാറിനെ തുടർന്ന് ഊരിത്തെറിച്ചത്. നിയന്ത്രണം വിട്ട
ടയർ ഇടിച്ച് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന നാട്ടുകാരൻ വട്ടത്തറ ഉദയപ്പൻ താഴെ വീഴുകയായിരുന്നു. സമീപത്തെ ബേക്കറിയിലേക്ക് നടന്നുപോകവെയാണ് ഇദ്ദേഹത്തിന് നേരെ ടയർ പാഞ്ഞെത്തിയത്.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഉദയപ്പനെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് തലയിൽ നാല് സ്റ്റിച്ചുകൾ ഇടേണ്ടി വരികയും കൈകൾക്ക് ബലക്ഷയം അനുഭവപ്പെടുകയും ചെയ്തിട്ടുണ്ട്.
യാത്ര തുടർന്ന ടയർ സമീപത്തെ ശ്രീഅയ്യപ്പ ഹാർഡ് വെയർ എന്ന സ്ഥാപനത്തിന്റെ ഷട്ടറിൽ ഇടിച്ചാണ് നിന്നത്. ഈ ആഘാതത്തിൽ കടയുടെ മുൻവശത്തെ ഷട്ടർ പൂർണ്ണമായും തകർന്നു.
ഏകദേശം 30,000 രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ ജയശ്രീ വ്യക്തമാക്കി. രാവിലെ സമയമായതിനാൽ റോഡിൽ തിരക്ക് കുറവായിരുന്നത് വൻ ദുരന്തം ഒഴിവാക്കി.
ചേർത്തലയിൽ നിന്നും അരൂക്കുറ്റിക്ക് പോകുകയായിരുന്ന ബസിന്റെ ഇന്നലത്തെ സർവീസ് മുടങ്ങിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

