തൃശൂർ ജില്ലയിലെ ചൂണ്ടൽ ഗവൺമെന്റ് യുപി സ്കൂളിന് ഇന്ന് അധികൃതർ അവധി പ്രഖ്യാപിച്ചു. സ്കൂൾ വാഹന ഷെഡിൽ തെരുവുനായ പ്രസവിച്ചു കിടക്കുന്ന സാഹചര്യത്തിലാണ് അടിയന്തര നടപടി സ്വീകരിച്ചത്.
അഞ്ച് നായക്കുട്ടികൾ കൂടി അവിടെയുള്ളതിനാൽ ഇവയെ സുരക്ഷിതമായി മാറ്റുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് സ്കൂൾ അവധി നൽകാൻ തീരുമാനിച്ചത്.
സ്കൂൾ പരിസരത്തും കുട്ടികൾ സഞ്ചരിക്കുന്ന വഴികളിലും തെരുവുനായ ശല്യം വർധിച്ചതായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ മാസം 23ന് സ്കൂളിലേക്ക് വരികയായിരുന്ന ഏഴാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ തെരുവുനായയുടെ ആക്രമണം ഉണ്ടായിരുന്നു.
കുട്ടിയെ കടിച്ച നായ പിന്നീട് ചാവുകയും, തുടർന്ന് നടത്തിയ പരിശോധനയിൽ നായയ്ക്ക് പേവിഷബാധയുണ്ടെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ കുട്ടികളുടെ ജീവൻ അപകടത്തിലാണെന്നും, തെരുവുനായ ശല്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നും രക്ഷിതാക്കൾ ശക്തമായി ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

