ജോലിസ്ഥലങ്ങളിലെ നിരീക്ഷണ സംവിധാനങ്ങൾ ജീവനക്കാരുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുമെന്ന വാദം അർത്ഥശൂന്യമാണെന്നും, മറിച്ച് അത് ജീവനക്കാരിൽ മാനസിക സമ്മർദ്ദവും അമർഷവും സൃഷ്ടിക്കുകയാണ് ചെയ്യുന്നതെന്നുമുള്ള ചർച്ചകൾ സജീവമാകുന്നു. ഇംഗ്ലണ്ടിലെ ഒരു കഫേയിൽ ജോലി ചെയ്യുന്ന ജീവനക്കാരൻ റെഡ്ഡിറ്റിൽ പങ്കുവെച്ച വിവരങ്ങളാണ് ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുന്നത്.
തങ്ങളുടെ സ്ഥാപനത്തിലെ മാനേജർ സിസിടിവി സംവിധാനത്തിലൂടെ ജീവനക്കാരുടെ സ്വകാര്യ സംഭാഷണങ്ങൾ രഹസ്യമായി റെക്കോർഡ് ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നാണ് വെളിപ്പെടുത്തൽ. ജോലിസ്ഥലത്ത് ഇത്തരം നിരീക്ഷണങ്ങൾ എത്രത്തോളം നിയമപരവും ധാർമ്മികവുമാണെന്ന ചോദ്യമാണ് ഈ ജീവനക്കാരൻ ഉന്നയിക്കുന്നത്.
മാനേജരുടെ പ്രവർത്തനരീതികൾ
തന്റെ മാനേജർ സിസിടിവി ഫൂട്ടേജുകൾ പരിശോധിക്കുന്നതിനായി വലിയൊരു സമയം ചെലവഴിക്കാറുണ്ടെന്ന് ജീവനക്കാരൻ ആരോപിക്കുന്നു. ചെറിയ കാര്യങ്ങളിൽ പോലും മാനേജർ അമിതമായി പ്രതികരിക്കുന്നതായും, നിസ്സാര വിഷയങ്ങളിൽ പോലും ജീവനക്കാരുമായി തർക്കിക്കുന്നതായും പോസ്റ്റിൽ വ്യക്തമാക്കുന്നു.
മാനേജ്മെന്റിനെക്കുറിച്ച് താനും സഹപ്രവർത്തകനും നടത്തിയ സ്വകാര്യ സംഭാഷണങ്ങൾ മാനേജർ സിസിടിവിയിലൂടെ മനസ്സിലാക്കുകയും, ഇതിന് പിന്നാലെ തങ്ങളുടെ ഷിഫ്റ്റുകൾ വെട്ടിക്കുറയ്ക്കുകയും ചെയ്തുവെന്നും ഇദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നിരീക്ഷണ ഭീതി
തന്റെ അനുഭവത്തെക്കുറിച്ച് ജീവനക്കാരൻ പറയുന്നത് ഇപ്രകാരമാണ്: “മാനേജർ രഹസ്യമായി സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യുകയും ഞങ്ങൾ പറയുന്നതിനെക്കുറിച്ച് ദേഷ്യപ്പെടുകയും ചെയ്യുന്നു.
സത്യസന്ധമായി പറഞ്ഞാൽ എന്റെ മാനേജരുടെ മാനസികാവസ്ഥ ശരിയല്ല. ആദ്യദിവസം തന്നെ ഫോൺ മാറ്റിവെക്കാൻ പറഞ്ഞ് എന്നോട് തട്ടിക്കയറി.
അന്നുമുതൽ ഞങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. കഫേയിൽ സിസിടിവി ഉണ്ട്, അത് ഓഡിയോയും റെക്കോർഡ് ചെയ്യുന്നുണ്ടെന്ന് ഞാൻ പിന്നീട് അറിഞ്ഞു.
ഇതിനെക്കുറിച്ച് ഞങ്ങളോട് പറഞ്ഞിട്ടില്ല, നോട്ടീസുകളും ഇല്ല. ഞങ്ങൾ എപ്പോഴും നിരീക്ഷിക്കപ്പെടുന്നുണ്ടെന്നാണ് തോന്നുന്നത്”.
ഈ വെളിപ്പെടുത്തലിന് പിന്നാലെ വലിയ തോതിലുള്ള പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്നുവരുന്നത്. ജീവനക്കാരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്നും, ഉടമയോട് നേരിട്ട് പരാതിപ്പെടണമെന്നുമാണ് മിക്കവരും നിർദ്ദേശിക്കുന്നത്.
സമാധാനപരമായ ഒരു തൊഴിൽ അന്തരീക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ എങ്ങനെ ജോലി ചെയ്യുമെന്ന ചോദ്യവും ഉയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

