തിരുവനന്തപുരം നഗരസഭയിലെ മേയർക്കും കൗൺസിലർമാർക്കും നേരെ ഉണ്ടായ അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ച് കോഴിക്കോട് നഗരത്തിൽ ബിജെപി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ രൂക്ഷവിമർശനവുമായി പാർട്ടി സിറ്റി ജില്ലാ പ്രസിഡന്റ് കെ.പി പ്രകാശ്ബാബു. തിരഞ്ഞെടുപ്പുകളിൽ തുടർച്ചയായി പരാജയപ്പെടുന്ന സിപിഎം, നാട്ടിൽ അരാജകത്വം സൃഷ്ടിച്ച് കണ്ണൂർ മോഡൽ അക്രമം വ്യാപിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും ഇതിനെ എന്തുവിലകൊടുത്തും ചെറുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തന്റെ ഉദ്ഘാടന പ്രസംഗത്തിൽ, സിപിഎമ്മിന്റെ സ്വാധീനമേഖലകളിൽ പോലും പാർട്ടിക്ക് വൻ തിരിച്ചടിയുണ്ടായെന്നും ബംഗാളിലെയും ത്രിപുരയിലെയും അവസ്ഥ കേരളത്തിലും ആവർത്തിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനാധിപത്യത്തിന്റെ മര്യാദകൾ കാറ്റിൽ പറത്തിക്കൊണ്ട് കോർപറേഷൻ ഓഫീസിനുള്ളിൽ കടന്നുകയറി മേയറെ ആക്രമിച്ചത് അങ്ങേയറ്റം അപലപനീയമാണ്.
പാർട്ടിയിലെ മുതിർന്ന നേതാക്കൾ തന്നെ ഇത്തരം അക്രമങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ജനാധിപത്യത്തിന് കളങ്കമാണെന്നും കെ.പി പ്രകാശ്ബാബു വിമർശിച്ചു. നഗരത്തിൽ നടന്ന ഈ പ്രതിഷേധ പ്രകടനത്തിന് ജില്ലാ ജനറൽ സെക്രട്ടറിമാരായ ടി.വി.ഉണ്ണികൃഷ്ണൻ, രമ്യ മുരളി, സംസ്ഥാന സമിതി അംഗം എൻ.പി.രാധാകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
കൂടാതെ, ജില്ലാ ഭാരവാഹികളായ കെ.സി.വത്സരാജ്, ജോയ് വളവിൽ, എം.ജഗന്നാഥൻ, പി.രമണി ഭായ്, ബിജിത്ത് ചെറോട്ട്, ഷിനു പിണ്ണാണത്ത്, സബിത വിനയ് തുടങ്ങിയവർ പരിപാടിയിൽ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

