കാക്കനാട് കേന്ദ്രീകരിച്ച് നടന്ന വാഹന പരിശോധനയ്ക്കിടെ നിയമലംഘനം നടത്തി കടന്നുകളയാൻ ശ്രമിച്ച ബൈക്ക് യാത്രികർ പിടിയിൽ. പരിശോധനാ ഉദ്യോഗസ്ഥർ കൈ കാണിച്ചിട്ടും നിർത്താതെ ചീറിപ്പാഞ്ഞുപോയ ബൈക്കിനെ പിന്തുടർന്നെടുക്കാൻ സാധിച്ചില്ലെങ്കിലും, ഉദ്യോഗസ്ഥർ പകർത്തിയ ഫോട്ടോ നിർണായകമായി മാറുകയായിരുന്നു.
നിയമലംഘനങ്ങളുടെ വിവരങ്ങൾ
ബൈക്കിന് നമ്പർ പ്ലേറ്റ് ഉണ്ടായിരുന്നില്ല എന്നത് കേസന്വേഷണത്തെ പ്രാരംഭഘട്ടത്തിൽ പ്രതിസന്ധിയിലാക്കിയിരുന്നു. പരിശോധനയിൽ അമിതവേഗം, നമ്പർ പ്ലേറ്റ് ഇല്ലാത്തത്, സൈലൻസറിലും ഹാൻഡിലിലും വരുത്തിയ രൂപമാറ്റം, ഹെൽമറ്റ് ധരിക്കാതിരിക്കൽ, ഉദ്യോഗസ്ഥരുടെ നിർദേശം അവഗണിച്ചത് തുടങ്ങി ആറു വ്യത്യസ്ത കുറ്റകൃത്യങ്ങളാണ് കണ്ടെത്തിയത്.
കുടുക്കിയത് വസ്ത്രത്തിലെ ലോഗോ
വാഹനത്തിന്റെ നമ്പർ പ്ലേറ്റ് ഇല്ലാതിരുന്നതിനാൽ അന്വേഷണം വഴിമുട്ടിയെങ്കിലും, യാത്രക്കാർ ധരിച്ചിരുന്ന വസ്ത്രം മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറുടെ ശ്രദ്ധയിൽപെട്ടു. ഒരു വസ്ത്ര വ്യാപാരശാലയുടെ യൂണിഫോമായിരുന്നു ഇവർ ധരിച്ചിരുന്നത്.
ഈ ചിത്രം സൂം ചെയ്തു പരിശോധിച്ചതിൽ നിന്ന് അങ്കമാലിയിലെ പ്രമുഖ വസ്ത്ര വ്യാപാരശാലയുടെ പേര് വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതികളെ കണ്ടെത്തുകയും പിടികൂടുകയുമായിരുന്നു.
പിടിയിലായ യുവാക്കൾ കുറ്റകൃത്യങ്ങൾ സമ്മതിച്ചതിനെത്തുടർന്ന് 23,500 രൂപയാണ് പിഴ ചുമത്തിയത്. മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ കെ.അശോക് കുമാർ, അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ അജയ് മോഹൻദാസ്, സി.ജെ.ഷോൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ സ്വീകരിച്ചത്.
രൂപമാറ്റം വരുത്തിയ ബൈക്കിൽ നമ്പർ പ്ലേറ്റ് ഘടിപ്പിക്കാനും, സൈലൻസർ ഉൾപ്പെടെയുള്ള ഭാഗങ്ങൾ പഴയ രീതിയിലാക്കി ഹാജരാക്കാനും ഉദ്യോഗസ്ഥർ നിർദേശം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

