കൊച്ചിയിലെ വില്ലിങ്ഡൺ ഐലൻഡിൽ തുറമുഖ അതോറിറ്റിയുടെ അധീനതയിലുള്ള സ്ഥലത്ത് നിന്ന് റെയിൽവേ പാളങ്ങൾ മോഷണം പോയ സംഭവത്തിൽ അന്വേഷണം ശക്തമാകുന്നു. സംഭവത്തിൽ റെയിൽവേ സുരക്ഷാ സേന (ആർപിഎഫ്) കേസെടുത്ത് നടപടികൾ ആരംഭിക്കാൻ തീരുമാനിച്ചു.
തുറമുഖ അധികൃതർ നേരത്തെ തന്നെ ഇതുസംബന്ധിച്ച് ആഭ്യന്തര അന്വേഷണം ആരംഭിച്ചിരുന്നു. സംഭവത്തിൽ പരാതി നൽകാനായി തുറമുഖ അധികൃതർ ഹാർബർ പൊലീസ് സ്റ്റേഷനിൽ എത്തിയെങ്കിലും, വിഷയം റെയിൽവേയുടെ പരിധിയിൽ വരുന്നതായതിനാൽ ആർപിഎഫിനെ സമീപിക്കാൻ നിർദ്ദേശിക്കുകയായിരുന്നു.
ഇതേതുടർന്നാണ് ആർപിഎഫ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്. എറണാകുളം വാർഫിനകത്തെ ക്യു9 ബർത്തിനു സമീപത്തുനിന്ന് ഏകദേശം 240 മീറ്റർ നീളത്തിലുള്ള പാളങ്ങളാണ് നഷ്ടപ്പെട്ടത്.
റെയിൽവേ എൻജിനീയറിങ്, ഇലക്ട്രിക്കൽ വിഭാഗങ്ങളും ആർപിഎഫ് സംഘവും സംയുക്തമായി സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. സംഭവസ്ഥലത്തെ പ്രധാന ഗേറ്റിന് പുറമെ പൂട്ടാതിരുന്ന മറ്റൊരു പ്രവേശന കവാടം കൂടി ഇവിടെയുണ്ട്.
ഈ ഗേറ്റ് വഴി സമീപദിവസങ്ങളിൽ വാഹന ഗതാഗതം നടന്നിട്ടില്ലെങ്കിലും, നിലവിൽ ഇവിടെ പുതിയ ചങ്ങലയും താഴും ഇട്ട് അധികൃതർ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഏകദേശം പത്തുവർഷമായി ഉപയോഗമില്ലാതെ കിടന്ന പാളങ്ങളാണ് മോഷ്ടാക്കൾ ലക്ഷ്യമിട്ടത്.
സ്ലീപ്പറിൽ നിന്ന് വേർപെടുത്തിയ പാളങ്ങൾ സമീപത്ത് കൂട്ടിയിട്ട നിലയിലാണ് കണ്ടെത്തിയത്.
തുറമുഖ കോംപൗണ്ടിൽ നിന്ന് ആക്രി സാധനങ്ങൾ കണ്ടെയ്നറുകളിൽ പുറത്തേക്ക് കൊണ്ടുപോകാറുണ്ട്. ഇതിന്റെ മറവിലാണോ മോഷണം നടന്നതെന്ന് അധികൃതർ സംശയിക്കുന്നു.
എന്നാൽ, ടെൻഡർ നടപടികൾക്ക് ശേഷം കൃത്യമായ പരിശോധനയ്ക്ക് ശേഷമേ സാധനങ്ങൾ പുറത്തേക്ക് കൊണ്ടുപോകാറുള്ളൂ എന്നാണ് തുറമുഖ അതോറിറ്റിയുടെ വിശദീകരണം. ഈ മേഖലയുടെ സുരക്ഷാ ചുമതല വഹിക്കുന്നത് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) ആണ്.
അതിനാൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. മുൻകാലങ്ങളിൽ 240 സുരക്ഷാ ഉദ്യോഗസ്ഥരുണ്ടായിരുന്ന ഈ മേഖലയിൽ, നിലവിൽ 140 പേർ മാത്രമാണുള്ളത്.
ഔദ്യോഗികമായോ മറ്റോ പാളം മുറിച്ചു മാറ്റാൻ അനുമതി നൽകിയിട്ടില്ലാത്തതിനാൽ, സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോ എന്നും ആർപിഎഫ് സംഘം പരിശോധിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

