കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കുമായി ഏർപ്പെടുത്തിയ സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശിനി’ പലർക്കും ആശ്വാസമാണെങ്കിലും, ജില്ലയുടെ ഗ്രാമീണ മേഖലകളിലേക്ക് പദ്ധതിയുടെ ഗുണഫലം പൂർണ്ണമായി എത്തിയിട്ടില്ല. ജില്ലയിലെ ഒട്ടേറെ റൂട്ടുകളിൽ ഇന്നും പ്രിയദർശിനി ബസുകളുടെ അസാന്നിധ്യം സാധാരണക്കാരായ യാത്രക്കാരെ വലയ്ക്കുന്നു.
റൂട്ട് അടിസ്ഥാനത്തിലുള്ള അപര്യാപ്തതകൾ
തൃശൂരിൽ നിന്ന് പാലക്കാട്, പെരിന്തൽമണ്ണ, നിലമ്പൂർ, പൊള്ളാച്ചി, ചാലക്കുടി, ഗോവിന്ദാപുരം, മണ്ണുത്തി തുടങ്ങിയ പ്രധാന റൂട്ടുകളിൽ സർവീസുകൾ ലഭ്യമാണെങ്കിലും കുന്നംകുളം, ഗുരുവായൂർ, കൊടുങ്ങല്ലൂർ, തൃപ്രയാർ തുടങ്ങിയ പ്രദേശങ്ങളിലെ സ്ഥിതി വ്യത്യസ്തമാണ്. പുതുക്കാട്-മുപ്ലിയം റൂട്ടിൽ ബസുകൾ ലഭ്യമാണെങ്കിലും കല്ലൂർ, വരന്തരപ്പിള്ളി പ്രദേശങ്ങളിൽ സ്ഥിരമായ ഓർഡിനറി സർവീസുകളില്ല.
മലയോര മേഖലയെ ബന്ധിപ്പിച്ച് ഒന്നോ രണ്ടോ ബസുകൾ ഓടുന്നുണ്ടെങ്കിലും ഇവ തൊഴിൽ സമയങ്ങളുമായി പൊരുത്തപ്പെടുന്നില്ല. ഗുരുവായൂർ-തൃശൂർ റൂട്ടിൽ രാത്രി 8.30-നുള്ള ഏക സർവീസല്ലാതെ മറ്റ് പ്രിയദർശിനി ബസുകളില്ല.
സമാനമായ ദുരവസ്ഥയാണ് ഗുരുവായൂർ–കുന്നംകുളം–ചങ്ങരംകുളം–എടപ്പാൾ–കുറ്റിപ്പുറം റൂട്ടിലും തൃശൂർ-ചേർപ്പ്-തൃപ്രയാർ റൂട്ടിലും അനുഭവപ്പെടുന്നത്. ഇരിങ്ങാലക്കുട
കേന്ദ്രീകരിച്ച് കാട്ടൂർ, എടത്തിരുത്തി, മൂന്നുപീടിക, കിഴുത്താണി, മാപ്രാണം, കല്ലേറ്റുംകര തുടങ്ങിയ റൂട്ടുകളിലും ഓർഡിനറി സർവീസുകളുടെ അഭാവം രൂക്ഷമാണ്. തുടരുന്ന യാത്രാദുരിതം
ചാവക്കാട്–കടപ്പുറം–അഞ്ചങ്ങാടി റൂട്ടിലും, പുന്നയൂർക്കുളം–ആൽത്തറ–വടക്കേകാട് വഴി കുന്നംകുളം റൂട്ടിലും സർവീസുകൾ നിലച്ചിരിക്കുകയാണ്.
പീച്ചി മുതൽ പട്ടിക്കാട് വരെയും ചിറക്കാക്കോട്-വെള്ളാനിക്കര-മണ്ണുത്തി റൂട്ടുകളിലും പ്രിയദർശിനി ബസുകൾ എത്തുന്നില്ല. പീച്ചി ഡാം റൂട്ടിൽ നേരത്തെ ആറ് ഓർഡിനറി ബസുകൾ ഓടിയിരുന്ന സ്ഥാനത്ത് ഇപ്പോഴൊന്നും സർവീസ് നടത്തുന്നില്ലെന്നത് ശ്രദ്ധേയമാണ്.
ചാലക്കുടിയിൽ നിന്ന് ഇരിങ്ങാലക്കുട, മാള, കൊടുങ്ങല്ലൂർ ഭാഗങ്ങളിലേക്കും നിലവിൽ ഓർഡിനറി സർവീസുകൾ ലഭ്യമല്ല. മാളയിൽ കോവിഡ് കാലത്തിന് മുൻപ് 46 സർവീസുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 20 എണ്ണം മാത്രമായി ചുരുങ്ങി.
അന്നനാട്, കാടുകുറ്റി, പാളയംപറമ്പ്, മാമ്പ്ര, വെസ്റ്റ് കൊരട്ടി തുടങ്ങിയ പ്രദേശങ്ങളിലും ഓർഡിനറി ബസുകൾ അന്യമാണ്. നടപടിയില്ലാതെ കെഎസ്ആർടിസി
നിലവിലെ സാഹചര്യത്തിൽ പുതിയ ബസുകൾ ഇറക്കുന്നതിനോ കൂടുതൽ സർവീസുകൾ ആരംഭിക്കുന്നതിനോ ഉള്ള നടപടികൾ ഉടനെയുണ്ടാകില്ലെന്നാണ് കെഎസ്ആർടിസി അധികൃതരുടെ നിലപാട്.
ബസുകളുടെയും ജീവനക്കാരുടെയും കുറവ് സർവീസുകൾ വിപുലീകരിക്കുന്നതിന് തടസ്സമായി നിൽക്കുന്നു. നെടുപുഴയിൽ നിന്ന് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിലേക്ക് സർവീസ് വേണമെന്ന ആവശ്യത്തെക്കുറിച്ച് വാർഡ് കൗൺസിലർ പ്രിൻസി റോജൻ ചൂണ്ടിക്കാട്ടുന്നു.
കാട്ടകാമ്പാൽ പഞ്ചായത്ത് ഉൾപ്പെടെയുള്ള മേഖലകളിൽ നേരത്തെ ഉണ്ടായിരുന്ന ബസുകൾ റദ്ദാക്കപ്പെട്ടതോടെ യാത്രക്കാർ വലിയ ദുരിതത്തിലാണ്. കൃത്യമായ സമയക്രമമോ ബസുകളോ ഇല്ലാത്ത അവസ്ഥ പരിഹരിക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

