ചെർപ്പുളശ്ശേരി: നിർമാണം പൂർത്തിയായി മൂന്ന് മാസം മാത്രം പിന്നിട്ട പുതിയ തൂതപ്പാലത്തിൽ വിള്ളലുകൾ കണ്ടെത്തി.
പെരിന്തൽമണ്ണ ഭാഗത്തുനിന്ന് പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് കോൺക്രീറ്റ് ഭിത്തിക്കും റോഡിനും ഇടയിൽ വിള്ളലുകൾ രൂപപ്പെട്ടത്. ഇതിനെത്തുടർന്ന് ടാറും മെറ്റലും താഴ്ന്നുപോകുന്ന സാഹചര്യം ഉടലെടുത്തു.
പ്രശ്നം ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പാലക്കാട്, മലപ്പുറം ജില്ലാ ഭരണകൂടങ്ങൾക്ക് പരാതി നൽകിയിരുന്നു.
പരാതിയെത്തുടർന്ന് ഇന്നലെ രാവിലെ കരാറുകാർ സംഭവസ്ഥലത്തെത്തുകയും കോൺക്രീറ്റ് ഉപയോഗിച്ച് വിള്ളലുകൾ അടയ്ക്കുകയുമായിരുന്നു. റീ ബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി കിഫ്ബി ഫണ്ടിൽ നിന്ന് 364 കോടി രൂപ ചെലവഴിച്ചാണ് മുണ്ടൂർ–തൂത നാലുവരിപ്പാതയും പാലവും നിർമിച്ചത്.
പാലക്കാട്, മലപ്പുറം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഈ പാതയുടെ നിർമാണ പ്രവർത്തനങ്ങൾ നേരത്തെയും വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഉദ്ഘാടനത്തിന് മുൻപ് തന്നെ മുണ്ടൂർ മുതൽ തൂത വരെയുള്ള റോഡിന്റെ വിവിധ ഭാഗങ്ങളിൽ വിള്ളലുകൾ ഉണ്ടായത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
തൂതപ്പുഴയ്ക്ക് കുറുകെ പഴയ പാലത്തിന് സമാന്തരമായി നിർമിച്ച ഈ പുതിയ പാലത്തിന് 10 മീറ്റർ വീതിയും 140 മീറ്റർ നീളവുമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുൻപ് മാർച്ച് 15-നാണ് ഈ പാലം ഗതാഗതത്തിനായി തുറന്നുകൊടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

